ഡൽഹി: ലോക്ഡൗണിനിടയിലും സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി.രാഹുൽ ഗാന്ധി.രാജ്യം കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ വിറച്ചുനിൽക്കുമ്പോഴും തുടരുന്ന സെൻട്രൽ വിസ്ത പദ്ധതി കുറ്റകരമായ പാഴാക്കലാണെന്ന് വിശേഷിപ്പിച്ച രാഹുൽ ജനങ്ങളുടെ ജീവനാണ് ഇപ്പോൾ ശ്രദ്ധ നൽകേണ്ടതെന്നും അഭിപ്രായപ്പെട്ടു.

'സെൻട്രൽ വിസ്ത ഒരു കുറ്റകരമായ പാഴാക്കലാണ്. നിങ്ങളുടെ അന്ധമായി പിടിവാശിക്കല്ല, ജനങ്ങളുടെ ജീവന് ശ്രദ്ധ നൽകൂ' -എന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.

പദ്ധതി നടപ്പാക്കുന്നത് നിർത്തിവെച്ച് രാജ്യത്തെ ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് മുൻഗണന നൽകേണ്ടതെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും ചെവികൊടുക്കാതെ പ്രവർത്തനങ്ങളെ അവശ്യ സേവനങ്ങളുടെ പരിധിയിൽ പെടുത്തിയാണ് നിർമ്മാണം തുടരുന്നത്.

കോവിഡ് വ്യാപനത്തോടെ ആശുപത്രിക്ക് മുന്നിൽ രോഗികളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുകയും കിടക്കകളുടെ കുറവും ഓക്സിജൻ ക്ഷാമമടക്കുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നതിനിടയിലാണ് സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.

രാജ്യം മുഴുവൻ കോവിഡിന്റെ പിടിയിൽ കടുത്ത ദുരന്തങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ പാർലമെന്റ് മന്ദിരം പണിതുയർത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുന്ന നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ അതിരൂക്ഷമായി വിമർശിച്ച് പാശ്ചാത്യ മാധ്യമങ്ങൾ വരെ രംഗത്ത് വന്നിരുന്നു.''നരേന്ദ്ര മോദിയുടെ അഹംഭാവത്തിന്റെ സ്മാരകം ഉയരുന്നു'' എന്നായിരുന്നു ഒരു പ്രമുഖ ബ്രിട്ടീഷ് പത്രത്തിന്റെ തലക്കെട്ട്.

ന്യുഡൽഹിയുടെ ഹൃദയഭാഗത്ത് വെള്ളക്കല്ലിൽ കൊത്തിയ കവിതപോലെ നിൽക്കുന്ന ഈ രണ്ട് ബ്ലോക്കുകൾ പഴയ ബ്രിട്ടീഷ് ഭരണത്തിന്റെ സ്മരണയുണർത്തുന്നവയാണ്. 1911-ൽ ജോർജ്ജ് അഞ്ചാമനും മേരി രാജ്ഞിയും ചേർന്ന് തറക്കല്ലിട്ട ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ നീണ്ട 16 വർഷങ്ങൾ എടുത്തു. പ്രശസ്ത വാസ്തുശില്പി, എഡ്വിൻ ല്യുട്ടൻസ് രൂപകല്പന ചെയ്ത ഈ കെട്ടിടം പഴയ കൊളോണിയൽ കാലത്തെ വാസ്തുശില്പകലയ്ക്ക് ഉത്തമോദാഹരണമാണ്. അതോടൊപ്പം, ക്ലാസിക്കൽ സ്റ്റൈലും മുഗൾ വാസ്തുശില്പകലയും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്.

ഈ കൊളോണിയൽ കാലഘട്ടത്തിന്റെ സ്മാരകം തുടച്ചുനീക്കി പുതിയതൊന്ന് നിർമ്മിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. 2022-ൽ ഇന്ത്യ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ പുതിയ പാർലമെന്റ് മന്ദിരം ഉണ്ടാകണമെന്നാണ് മോദി ആഗ്രഹിക്കുന്നതെന്നും അവർ പറയുന്നു. ഇത് ഒരു പ്രതികാര നടപടിയാണെന്നാണ് അവർ പറയുന്നത്. അതേസമയം, കൊളോണിയൽ സ്മരണകൾ ഉണർത്തുന്ന പഴയ വൈസ്രോയിയുടെ കൊട്ടാരം ഇന്ത്യൻ രാഷ്ട്രപതിയുടെ വസതിയായി തുടരുമെന്ന ആക്ഷേപഹാസ്യ രൂപേണയുള്ള റിപ്പോർട്ടിംഗും അവർ നടത്തുന്നുണ്ട്.

ആധുനിക രീതിയിലുള്ള ഓഫീസ് സമുച്ചയങ്ങൾ, ഭൂഗർഭ റെയിൽ പാത, പിന്നെ പ്രധാനമന്ത്രിക്ക് താമസിക്കാനുള്ള ആഡംബര വസതി എന്നിവയായിരിക്കും ഇനി ഇവിടെ ഉയർന്നുവരിക എന്ന് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിവിധ കോണുകളിൽ നിന്നും കടുത്ത പ്രതിഷേധങ്ങൾ ഉയരുമ്പോഴും കഴിഞ്ഞ ഡിസംബറിലായിരുന്നു മോദി ഈ പുതിയ പദ്ധതിക്ക് തറക്കല്ലിട്ടത്. പ്രധാനമന്ത്രിയുടെ ആഡംബര കൊട്ടാരം എന്ന് വിളിപ്പേര് കിട്ടിയ ഈ പദ്ധതിയുമായി മോദി മുന്നോട്ട് പോവുകയാണ്.

കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമാവുകയും ഓക്‌സിജൻ ക്ഷാമം മൂലം നിരവധിപേർ മരണത്തെ പുൽകുകയും ചെയ്തിട്ടും ഈ പദ്ധതി തത്ക്കാലത്തേക്കെങ്കിലും നിർത്തിവയ്ക്കാൻ മോദി തയ്യാറായില്ലെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം നയ ചാതുരിയോടെ ഇന്ത്യൻ മാധ്യമങ്ങളെ ഇത് വാർത്തയാക്കുന്നത് തടയുന്നതിൽ മോദി വിജയിച്ചു എന്നും അവർ പറയുന്നു. ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ളപ്പോഴും, അത്യാവശ്യ സേവന വിഭാഗത്തിൽ പെടുത്തി ഇതിന്റെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോവുകയാണ്.

ഡൽഹിയിലെ സാധാരണക്കാർ ഓക്‌സിജൻ കിട്ടാതെ മരണമടയുമ്പോഴും, പ്രിയപ്പെട്ടവരെ കാർ പാർക്കിങ് പോലുള്ളിടങ്ങളിൽ ഉണ്ടാക്കിയ താത്ക്കാലിക ശ്മശാനങ്ങളിൽ ദഹിപ്പിക്കേണ്ടി വരുമ്പോഴും ചക്രവർത്തിയുടെ ശ്രദ്ധ മണിമന്ദിരങ്ങൾ കെട്ടി ഉയർത്തുന്നതിലാണെന്ന് ബ്രിട്ടനിലെ ഒരു പ്രമുഖ മാധ്യമം ആരോപിച്ചു

 ഏകദേശം 2000 തൊഴിലാളികളാണ് ഇപ്പോൾ ഈ പദ്ധതിയിൽ തൊഴിൽ ചെയ്യുന്നത്. 12,000 രൂപയോളമാണ് മിക്കവർക്കും ലഭിക്കുന്നത്. എന്നാൽ, പലർക്കും സമയത്ത് ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ടെന്ന് മറ്റൊരു മാധ്യമം ചൂണ്ടിക്കാട്ടുന്നു.