ന്യൂഡൽഹി: സിനിമാ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നീക്കം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ തീയറ്ററുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും നീക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് മുഴുവൻ ആളുകളെയും ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു സർക്കാർ നിലപാട്.

ഘട്ടംഘട്ടമായുള്ള അൺലോക്ക് പ്രക്രിയയുടെ ഭാഗമായി, കൺടെയ്ന്മെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളിൽ അമ്പത് ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രേക്ഷകർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നൽകി. നിയന്ത്രണങ്ങൾ ആഭ്യന്തര മന്ത്രാലയം ജനുവരി 31വരെ നീട്ടിയിട്ടുണ്ടെന്നും കത്തിൽ ഭല്ല വ്യക്തമാക്കിയിട്ടുണ്ട്.

അമ്പതു ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് നവംബർ മാസം മുതലാണ് തമിഴ്‌നാട്ടിൽ തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിച്ചു തുടങ്ങിയത്. രണ്ടുദിവസം മുൻപാണ് നൂറുശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് പുറത്തെത്തിയത്. നിരവധി പ്രമുഖ താരങ്ങൾ ഈ ആവശ്യം സർക്കാരിനോട് ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് തമിഴ്‌നാട് സർക്കാർ തമിഴ്‌നാട് സർക്കാർ ഇറക്കിയത്. ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഴുവൻ ആളുകളേയും തീയറ്ററിൽ പ്രവേശിപ്പിക്കണമെന്ന് നടൻ വിജയ്‌യും തീയറ്റർ ഉടമകളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. സിനിമാ മേഖലയിലെ പ്രതിസന്ധി കാണികളുടെ എണ്ണം കൂട്ടുന്നതിലൂടെ നികത്താനാകുമെന്നാണ് സിനിമാ പ്രവർത്തകരുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് 100 ശതമാനം ആളുകളേയും തീയറ്ററിൽ ഒരേ സമയം കയറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടത്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുത്തിയ ശേഷം 100 ശതമാനം ആളുകളേയും ഉൾക്കൊള്ളിച്ച് തീയറ്റർ പ്രവർത്തിപ്പിക്കാനൊരുങ്ങുന്ന ആദ്യ സംസ്ഥാനമാണ് തമിഴ്‌നാട്.