തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ പൂർണതൃപ്തിയെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡ്യവ. സംസ്ഥാനത്തിന് കൂടുതൽ വാക്സിൻ അനുവദിക്കുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 10 ലക്ഷം കോവിഷീൾഡ് വാക്സിൻ വാങ്ങാനും കേരളത്തിന് അനുമതി നൽകി .

സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണ്. വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണ്. കോവിഡ് മരണനിരക്കും സംസ്ഥാനത്ത് കുറവാണ്.സംസ്ഥാനം 1.11 കോടി വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിലേക്കാണ് ഇത്രയും ഡോസ് വാക്സിൻ ആവശ്യപ്പെട്ടത്. ഘട്ടംഘട്ടമായി വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രാജ്യം വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമുള്ള വാക്സിൻ നല്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്സിൻ വേസ്റ്റേജ് ഒഴിവാക്കി കൂടുതൽ കുത്തിവെപ്പ് നടത്തിയും കേരളം മാതൃകയായിയെന്നും മൻസുഖ് മാണ്ഡ്യവ പറഞ്ഞു.എന്നാൽ കോൺടാക്സ് ട്രേസിങ്ങിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികൾ ഊർജിതമാക്കണമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശിച്ചു. കേരളത്തിൽ ഒരാൾക്ക് കോവിഡ് ബാധിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഓണം ആഘോഷം കരുതലോടെ വേണമെന്നും മന്ത്രി നിർദ്ദേശിച്ചു.കോവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്രമന്ത്രി,മെഡിക്കൽ കോളേജിലും എച്ച്.എൽഎല്ലിലും സന്ദർശനം നടത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി വീണാ ജോർജ്, ആരോഗ്യ പ്രവർത്തകർ എന്നിവരുമായാണ് കേന്ദ്രസംഘം ചർച്ച നടത്തിയത്.