ബെയ്ജിങ്: നികുതി വെട്ടിപ്പ് നടത്തിയതിന് പ്രമുഖ ചൈനീസ് നടി ഷെങ് ഷുവാങിന് നാല് കോടി അറുപത് ലക്ഷം ഡോളർ (338 കോടി രൂപ ) പിഴ. സിനിമാ നടി - നടന്മാർ ഉൾപ്പടെയുള്ള സെലിബ്രിറ്റികളുടെ നികുതിവെട്ടിപ്പിനെതിരെ സർക്കാർ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമാക്കിയിരുന്നു. ഷെങ് പങ്കെടുത്ത പരിപാടികൾ സംപ്രേഷണം ചെയ്യരുതെന്നും ടെലിവിഷൻ കമ്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകി.

ഒരു ടെലിവിഷൻ സീരിസ് ചിത്രീകരിക്കുന്നതിനിടെ 2019ലും 2020ലും നികുതിയിൽ കൃത്രിമം കാണിച്ചതിനും വരുമാനം വെളിപ്പെടുത്താതിരുന്നതിനുമാണ് നടിക്ക് വൻ തുക പിഴ ചുമത്തിയത്. തായ്വാനീസ് നാടകമായ 'മെറ്റിയർ ഷവർ'ന്റെ റീമേക്കിലൂടെയും നിരവധി ഹിറ്റ് പരമ്പരകളിലൂടെയുമാണ് 30കാരിയായ നടി ഏറെ പ്രശസ്തയായത്. ചൈനീസ് സർക്കാരിന്റെ പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് സൈലിബ്രിറ്റികളുടെ മേൽ സർക്കാർ നിയന്ത്രണം കർക്കശമാക്കിയത്.