തൃശ്ശൂർ: മനുഷ്യസ്നേഹത്തിന്റെ നിറകുടമായ മലയാളി വീട്ടമ്മയെ കാതക്കൾക്കപ്പുറം ചെന്ന വിജയവാഡയിലെ അറുപതുകാരൻ വിളിച്ചത് നന്ദി പറയാനാണ്- കാരുണ്യത്തോടെ തന്നെ കാത്തുവെച്ച് ഉറ്റവരെ ഏൽപ്പിച്ചതിന്. ഇനിയും മനുഷ്യത്വം മരിച്ചിട്ടില്ലാത്തവർ ഇനിയും അവശേഷിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ആന്ധ്രപ്രദേശിലെ വിജയവാഡയിൽനിന്ന് വഴിതെറ്റി എത്തിയ മദീൻ എന്ന ഓർമ്മക്കുറവുള്ള അറുപതുകാരന് തന്റെ ഉറ്റവരുടെ അടുത്തെത്താനായത്. വീട്ടിൽ നിന്നും തിരിച്ച് പലയിടങ്ങളിലലഞ്ഞ മദീൻ ഒടുവിൽ എത്തിയത് താണിക്കുടത്തെ ചന്ദ്രികയുടെ മുന്നിൽ. ഒടുവിൽ ചന്ദ്രിക, മദീന്റെ ഉറ്റവരെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു.

ചന്ദ്രികയുടെ കരുണയുടെ കഥയാരംഭിക്കുന്നത് അങ്ങ് വിജയവാഡയിൽ നിന്നാണ്. ഒന്നരമാസം മുമ്പ് വിജയനഗറിലുള്ള ഉമ്മ വീരുമ്മയെ കാണാൻ 500 രൂപയുമായി പുറപ്പെട്ടതാണ് മദീൻ. കൈയിൽ ഫോണില്ല. തെലുങ്ക് മാത്രമറിയാം. എഴുതാനും വായിക്കാനും അറിയില്ല. തീവണ്ടി മാറിക്കയറി ചെന്നൈയിലെത്തി. പിന്നെയും പലയിടങ്ങളിൽ വഴിതെറ്റിയലഞ്ഞു. പണം തീർന്നു. ഒടുവിലെത്തിയത് താണിക്കുടത്തെ പി.ടി. വിജയന്റെ വർക്ക്ഷോപ്പിൽ. സഹായം അഭ്യർഥിച്ചത് തെലുങ്കിൽ. ഭാഷ തെലുങ്കാണെന്ന് മനസ്സിലായതോടെ ഇദ്ദേഹത്തെക്കൂട്ടി തെലുങ്ക് അറിയാവുന്ന അമ്മായി ചന്ദ്രികയുടെ വീട്ടിലെത്തി വിജയൻ.

ആന്ധ്രാപ്രദേശിലെ ആശുപത്രിയിൽ 12 വർഷം തൂപ്പുജോലിയായിരുന്നു ചന്ദ്രികയ്ക്ക്. അങ്ങനെയാണ് തെലുങ്ക് പഠിച്ചത്. കാര്യങ്ങൾ മനസ്സിലായെങ്കിലും ബന്ധുക്കളെ ബന്ധപ്പെടാനുള്ള വഴിയൊന്നുമില്ലായിരുന്നു. ആരുടെയും ഫോൺ നമ്പർ മദീന് ഒാർമയുമില്ലായിരുന്നു. എന്തുചെയ്യുമെന്നറിയാതെ നിൽക്കവേയാണ് കീശയിലെ പഴയ കടലാസുകഷണം മദീൻ എടുത്തുനൽകിയത്. അതിൽ അക്ഷരത്തിൽ ഒരു ഫോൺ നമ്പർ എഴുതിയിരുന്നു. ആ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മദീനിന്റെ മൂത്തമകൾ ജൈനാബിയുടെ നന്പറാണെന്ന് മനസ്സിലായത്. ചന്ദ്രികയുടെ ഫോണിൽ വീഡിയോ കോളിലൂടെ മദീൻ മകളുമായും ഭാര്യ മദനുമ്മയുമായും സംസാരിച്ചു. മദീനെ കാണാതായ അന്നുമുതൽ കിടപ്പിലായിരുന്നു മദനുമ്മ.

തൃശ്ശൂർ പൊലീസ് വിജയവാഡ പൊലീസുമായി ബന്ധപ്പെട്ട് മദീനെ കാണാനില്ലെന്ന് പരാതി കിട്ടിയിരുന്നതായി സ്ഥിരീകരിച്ചു. പാലക്കാട് വരെ ബസിലും തീവണ്ടിയിലുമായാണ് മരുമകൻ സലീമും ബന്ധു റാഫിയും എത്തിയത്. അവിടെനിന്ന് കാറിൽ താണിക്കുടത്ത് എത്തി. തിരികെ നാട്ടിലെത്തിയ മദീൻ മകളുടെ ഫോണിലൂടെ ചന്ദ്രികയെ വിളിച്ചു. പക്ഷേ, പരസ്പരം അധികം പറയാനായില്ല. ഉറ്റവരുടെ അടുത്തെത്തുന്നത് വരെ തന്നെ കാത്ത മലയാളിയായ വീട്ടമ്മക്ക് നന്ദി പറയാൻ കണ്ണുനീർ മാത്രമായിരുന്നു ആ മനുഷ്യന് ഉണ്ടായിരുന്നത്.