കൊല്ലം: ചവറയിൽ വച്ച് ഗണേശ് കുമാറിന്റെ കാർ ആക്രമിച്ച കേസിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. കരുനാഗപ്പള്ളി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2000 രൂപ വീതം കോടതിയിൽ കെട്ടിവച്ചാണ് ജാമ്യം. കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടി ഹാജരായത് അഡ്വ.ചാണ്ടി ഉമ്മൻ. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ മകൻ ഇന്ന് ഗൗൺ അണിഞ്ഞത്. ഇതൊരുരാഷ്ട്രീയ പ്രേരിത കേസ് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ വാദം. ഭരണത്തിന്റെ ബലത്തിൽ ഇട്ട എഫ്‌ഐആറാണ്. മുഖ്യമന്ത്രി ആയിരിക്കെ കണ്ണൂരിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് നേരേ ഡിവൈഎഫ്‌ഐ പ്രവർത്തകർ നെഞ്ച് ലാക്കാക്കി കല്ലെറിഞ്ഞ സംഭവവും ചാണ്ടി ഉമ്മൻ പരാമർശിച്ചു. ചവറ സംഭവത്തിൽ ആർക്കും പരിക്കില്ല. പ്രതിഷേധം സാധാരണജനങ്ങളുടെ അവകാശമാണെന്നും ചാണ്ടി ഉമ്മൻ വാദിച്ചു.

തൃശൂർ പുല്ലഴിയിൽ ഉപതിരഞ്ഞെടുപ്പുമായും, കോൺഗ്രസിന്റെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി തിരക്കിലായിരുന്നു ചാണ്ടി ഉമ്മൻ. തൃശൂരിൽ നിന്ന് മടങ്ങുന്ന വഴി കരുനാഗപ്പള്ളിയിൽ എത്തിയപ്പോഴാണ് പ്രവർത്തകർ ഗണേശ് കുമാർ കേസ് അറിയിച്ചത്. കേസിൽ ചാണ്ടി ഉമ്മൻ തന്നെ ഹാജരാകണമെന്നും അവർ അഭ്യർത്ഥിച്ചു. ഇതോടെ, കോടതിയിൽ വാദിക്കാൻ തയ്യാറെടുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, പ്രവർത്തകരുടെ സ്‌നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. ഉടൻ തന്നെ കോടതിയിൽ ഹാജാരാകാനുള്ള വസ്ത്രം സംഘടിപ്പിക്കാൻ പ്രവർത്തകർ ഓട്ടമായി. വളരെ വേഗം തന്നെ കറുത്ത ഗൗണും സംഘടിപ്പിച്ചു. അടുത്തുള്ള ഒരുസഹകരണ ബാങ്കിന്റെ വിശ്രമമുറിയിൽ പോയാണ് വേഷം മാറിയത്. ഏതായാലും ചാണ്ടി ഉമ്മന്റെ വാദങ്ങൾ കോടതിയിൽ പൊലിച്ചു. യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യം കിട്ടിയത് പ്രവർത്തകർക്ക് ആവേശമായി.

തദ്ദേശതെരഞ്ഞെടുപ്പ് എത്തിയതോടൊണ് ചാണ്ടി ഉമ്മൻ സംസ്ഥാന രാഷ്ടീയത്തിൽ വീണ്ടും സജീവമായത്. യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസെക്രട്ടറിയായി സജീവമായിരുന്ന ചാണ്ടി ഉമ്മൻ കഴിഞ്ഞ കുറേ നാളുകളായി തട്ടകം ഡൽഹിയിലേക്ക് മാറ്റിയിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയപ്രചാരണസമിതിയിൽ അംഗമായി ഡൽഹിയിലെത്തിയ അദ്ദേഹം പക്ഷേ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എന്നാൽ ചാണ്ടി ഉമ്മൻ വീണ്ടും സംസ്ഥാനരാഷ്ട്രീയത്തിൽ മടങ്ങിയെത്തിരിക്കുകയാണ്.

ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകാൻ മകൻ ചാണ്ടി ഉമ്മൻ കളത്തിലിറങ്ങുമോയെന്ന ആകാംക്ഷ പ്രവർത്തകരിൽ ഉയർന്നിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ ഇല്ലയോ എന്ന് ഉമ്മൻ ചാണ്ടി മനസു തുറന്നിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ ആലോചിക്കുമെന്നേ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളു.

ഗണേശ് കുമാറിന്റെ കാർ ആക്രമിച്ച കേസ്

ചവറയിൽ വച്ചാണ് ഗണേശ്കുമാറിന്റെ കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്. ദേശീയപാതയിൽ ചവറ നല്ലെഴുത്തുമുക്കിനു സമീപത്ത് വച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ മർദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും പ്രതിഷേധക്കാർക്കു നേരെയുള്ള കയ്യേറ്റം. സംഭവത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

എംഎൽഎയ്ക്കെതിരെ വലിയ പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.എംഎൽഎയുടെ ഓഫീസിലേക്കയൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഗണേശ് കുമാറിന്റെ മുൻ പിഎയായിരുന്ന പ്രദീപ് കുമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. അതിന് പിന്നാലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് പ്രവർത്തകരെ പിരിച്ചുവിടാനായി ലാത്തി വീശുകയായിരുന്നു.

കൊല്ലം വെട്ടിക്കവലയിൽ എംഎൽഎയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ഗണേശ് കുമാറിന്റെ അനുയായികൾ മർദ്ദിച്ചത്. ക്ഷീര വികസന സമിതി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്.

എംഎൽഎയ്‌ക്കൊപ്പമുണ്ടായവരും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസെത്തി സംഘർഷം തടഞ്ഞു. എംഎൽഎക്കൊപ്പം പുറത്താക്കിയ സ്റ്റാഫ് പ്രദീപ് കോട്ടാത്തലയും ഉണ്ടായിരുന്നുവെന്നു പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നിക്കോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗണേശ് കുമാർ എംഎൽഎയുടെ മുൻ പിഎ പ്രദീപ് കോട്ടാത്തലയാണു മർദിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ പ്രദീപ് കോട്ടാത്തല മർദിച്ചത് എന്നും നാട്ടുകാർ ആരോപിച്ചു. എംഎൽഎയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മർദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണം ഉയർന്നു. മർദനം തടയാനാണ് പ്രദീപ് കുമാർ ശ്രമിച്ചത് എന്നാണ് ഗണേശ് കുമാർ എംഎൽഎയുടെ വിശദീകരണം.