കൊച്ചി: 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല' ഇങ്ങനെ ഒരിക്കൽ പറഞ്ഞ വ്യക്തിയാണ് സംവിധായകൻ അഖിൽ മാരാർ. അതുകൊണ്ട് തന്നെ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർഥിയായി അഖിൽ എത്തിയപ്പോൾ സോഷ്യൽ മീഡിയ എയറിലാക്കി. എന്തായാലും എന്തുതുറന്നടിച്ചുപറയുന്ന പ്രകൃതം പല വിവാദങ്ങളിലും അഖിലിനെ ചാടിച്ചെങ്കിലും ഇപ്പോൾ, ദാ സീസൺ ഫൈവ് വിജയി ഈ സംവിധായകൻ തന്നെ.

ഷിജുവും ശോഭയും ജുനൈസും പുറത്തായതോടെ, മോഹൻലാലിനൊപ്പം വേദിയിൽ ഉണ്ടായിരുന്നത് റെനീഷയും അഖിൽ മാരാരും. ഒടുവിൽ ആരാധകരുടെ മനം കവർന്ന അഖിൽ മാരാരുടെ കൈ പിടിച്ചു ഉയർത്തി മോഹൻലാൽ വിജയിയെ പ്രഖ്യാപിച്ചു. ഒരുപക്ഷേ, ആരാധകർ മുൻപന്തിയിലെത്തും എന്നുപ്രതീക്ഷിച്ച ശോഭ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ ഞെട്ടലുണ്ടായി. ഷിജു പ്രതീക്ഷിച്ചതു പോലെ തന്നെ അഞ്ചാം സ്ഥാനത്താണ് എത്തിയത്. ശോഭ വിശ്വനാഥും ജുനൈസ് വി പിയുമൊക്കെ ഉണ്ടായിരുന്ന ടോപ്പ് 5 ൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് റെനീഷ റഹ്‌മാൻ ആണ്. അഖിൽ കിരീടം നേടുമെന്ന് ഭൂരിഭാഗവും പ്രവചിച്ചിരുന്ന ഫിനാലെയിൽ രണ്ടാം സ്ഥാനം നേടുമെന്ന് ഏറ്റവുമധികം പ്രവചിക്കപ്പെട്ടിരുന്നത് ശോഭ വിശ്വനാഥ് ആണ്.

ബിഗ് ബോസിലെ കംപ്ലീറ്റ് എന്റർടെയ്‌നറായിട്ടായിരുന്നു അഖിലിനെ ആരാധകർ വിശേഷിപ്പിച്ചിരുന്നത്. പിടിച്ചാൽ കിട്ടാത്ത ദേഷ്യം അഖിലിന് പണിയാകുമോ എന്ന സംശയം പലർക്കും ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചു. എന്നാൽ ആരോപണങ്ങളിൽ ക്ഷമ പറഞ്ഞ് മുന്നേറി ഒടുവിൽ പക്വത കൈവരിക്കുന്ന ആളായി അഖിൽ മാറി.

താൻ ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം ഉപയോഗിക്കുക എന്നാണ് അഖിൽ മാരാർ ബിഗ്ബോസ് ആദ്യ എപ്പിസോഡിൽ പറഞ്ഞത്. സത്യത്തിന് വേണ്ടി സംസാരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും അഖിൽ മാരാർ പറഞ്ഞിരുന്നു.

എന്നാൽ ബിഗ് ബോസ് ഗെയിം ഫുൾ ഓണാകും മുമ്പ് തന്നെ അഖിൽ മാരാരെ സോഷ്യൽമീഡിയ എയറിലാക്കിയിരുന്നു.അതിന് കാരണം കുറച്ച് നാൾമുമ്പ് അഖിൽ മാരാർ നൽകിയ ഒരു അഭിമുഖമാണ്. വിവാദങ്ങളിൽ ഇടപെട്ട് ചർച്ചയിൽ വരാൻ ശ്രമിക്കുന്നത് ബിഗ് ബോസിലേക്ക് പോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സോഷ്യൽമീഡിയയിൽ ചർച്ചയുണ്ടെന്ന് പറഞ്ഞപ്പോഴാണ് വിവാദ മറുപടി അഖിൽ പറഞ്ഞത്.

ബിഗ് ബോസ് പോലെ തനിക്ക് പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലെന്നാണ് അഖിൽ പറഞ്ഞത്. 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി കേരളത്തിൽ ഇല്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും തികച്ച് ഞാൻ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല.'

'ഒരാൾക്ക് ആരാധന തോന്നുന്നതും അതിലേക്ക് കേറമെന്ന് തോന്നുന്നതും ഇതെന്തോ വലിയ പരിപാടിയാണെന്ന തോന്നൽ വരുമ്പോഴല്ലേ. അതുപോലെ തന്നെ രജിത് കുമാറെന്ന മനുഷ്യൻ ഒരു സമയത്ത് വൈറലായിട്ടില്ലേ. ബിഗ് ബോസിലേക്ക് വിളിച്ചാൽ ജോജു ചേട്ടൻ ഉൾപ്പടെയുള്ള ആളുകൾ പോണമെന്ന് പറഞ്ഞാൽ പോകും.'

'അഞ്ച് മിനിറ്റ് പോലും ബിഗ് ബോസ് എന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ.... അത് കാണാനും കുറെപ്പേർ വരില്ലേ. ഭ്രാന്താണെന്നൊക്കെ പറയുമായിരിക്കും. പക്ഷെ ഞാൻ വിചാരിക്കും എന്റെ ഫോളോവേഴ്സാണെന്ന്' അഖിൽ മാരാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകുയും ചെയ്തു. പതിനെട്ട് പേരിൽ വൈറലായ, വാർത്തകളിൽ നിറഞ്ഞ് നിന്ന മത്സരാർഥി സംവിധായകൻ അഖിൽ മാരാരായിരുന്നു.

മാളികപ്പുറം സിനിമയെ കുറിച്ച് സംസാരിച്ചാണ് അഖിൽ മാരാർ അടുത്തിടെ സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായത് ജോജു ജോർജിനെ നായകനാക്കി പുറത്തിറങ്ങിയ ഒരു താത്വിക അവലോകനത്തിന്റെ സംവിധായകൻ അഖിൽ മാരാർ ആയിരുന്നു.

എന്നാൽ ബിഗ് ബോസിൽ എത്തിയ ശേഷം അഖിൽ മാരാരുടെ പ്രതികരണം വ്യത്യസ്തമായിരുന്നു. റൗഡി ആണെന്ന് പുറമെയ്ക്ക് ഒരു സംസാരമുണ്ട്. അത് അല്ല എന്ന് തെളിയിക്കാൻ ആണ് വന്നിരിക്കുന്നത്. മെയിൽ ഷോവനിസ്റ്റ് എന്ന വിളിപ്പേര് കേട്ട ഒരാളാണ് താൻ. സോഷ്യൽ മീഡിയയിൽ ഓരോ നിലപാട് അനുസരിച്ചാണ് തനിക്ക് ഓരോ പേര് ചാർത്തപ്പെട്ടിരിക്കുന്നത്.

ഞാൻ ഇതൊന്നും അല്ല. സത്യത്തിന് വേണ്ടി സംസാരിക്കുക എന്നതാണ്, പാവങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നതാണ് തനിക്ക് എപ്പോഴും പ്രധാനം. സത്യത്തിന് വേണ്ടി സംസാരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ മുന്നിൽ പോലും സംസാരിക്കാൻ പേടി വേണ്ട എന്ന് കരുതുന്ന ആളാണ് ഞാൻ. ലാഭ നഷ്ടങ്ങൾക്കായി സംസാരിക്കുന്ന ആളല്ല താൻ എന്നും അഖിൽ മാരാർ ഉദ്ഘാടന എപ്പിസോഡിൽ പറഞ്ഞു. മോഹൻലാലിന്റെ അടുത്ത് വന്ന് നിൽക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമാണെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. അഹങ്കാരിയായി മുദ്ര ചാർത്താൻ എളുപ്പമാണ്. എന്റെ ശരീരഭാഷയിൽ എളുപ്പത്തിൽ കിട്ടുന്ന വിശേഷണം ഒരു അഹങ്കാരിയെന്നാണ്. കുറച്ച് അടുത്ത് മനസിലാക്കിയ ആൾക്കാർക്ക് തിരിച്ചറിയാനാകും ഞാൻ ആരാണെന്ന് എന്നും അഖിൽ മാരാർ പറഞ്ഞു.