മുംബൈ:സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഡ്രൈവറില്ലാതെ കുതിച്ചുപായുന്ന ഒരു ട്രക്കിന്റെ വീഡിയോ.മുംബൈ - പുണെ എക്സ്പ്രസ് പാതയിലെ മലയോര പാതയിലൂടെ താഴോട്ടു കുതിക്കുന്ന ട്രക്കിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.ട്രക്ക് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണമില്ലാതെ പോയതാണ് ട്രക്കിന്റെ വീഡിയോയ്ക്ക് പിന്നിലെ വസ്തുത.അവസാനം എക്സ്‌പ്രസ് വേയിലെ സൈഡ് റെയിലിൽ ഇടിച്ചിട്ടാണ് ട്രക്ക് നിൽക്കുന്നത്.റോഡിന്റെ സംരക്ഷഭിത്തി ഇല്ലായിരുന്നെങ്കിൽ ട്രക്ക് താഴ്‌ച്ചയിലേക്ക് പതിച്ചിരുന്നേനെയെന്നും വീഡിയോയിലൂടെ വ്യക്തമാകുന്നു.

സിമന്റ് ചാക്കുകൾ നിറച്ച ട്രക്കാണ് കാന്താല ചുരം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായത്.ട്രക്കിന്റെ ബ്രേക്ക് പ്രവർത്തിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഡ്രൈവർ സഞ്ജയ് യാദവ് വേഗം പരമാവധി കുറച്ചു.ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വഴിയോരത്ത് നിർത്താനായിരുന്നു ആലോചിച്ചത്.എന്നാൽ ഹാൻഡ് ബ്രേക്കും പ്രവർത്തിക്കാതെ വന്നതോടെ ഡ്രൈവർ ജീവൻ രക്ഷിക്കാനായി ട്രക്കിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് ഡ്രൈവറില്ലാതെ സിമന്റ് ട്രക്ക് കുത്തനെയുള്ള ഇറക്കത്തിലൂടെ മുന്നോട്ടു പോകുകയായിരുന്നു.

വളവിൽ ട്രക്ക് നേരെ പോയി എക്സ്പ്രസ് വേയിലെ സൈഡ് റെയിലിൽ ഇടിച്ചിടിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്.അമൃതാഞ്ചൻ പാലവും കടന്നപ്പോഴേക്കും എതിർ ദിശയിലേക്ക് ട്രക്ക് നീങ്ങി തുടങ്ങി.അവിടെയും സൈഡ് റെയിൽ ഉള്ളതുകൊണ്ട് മാത്രമാണ് എതിർ ദിശയിലെ റോഡിലേക്ക് ട്രക്ക് കയറി പോകാതിരുന്നത്.സൈഡ് റെയിൽ ഇല്ലായിരുന്നെങ്കിൽ നേരെ ആഴമുള്ള താഴ്ചയിലേക്ക് ട്രക്ക് പതിക്കുകയും ചെയ്തേനേ.

അതേ സമയം സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.കാൽപൂർ പൊലീസ് സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പ്രതി ചേർത്ത് കേസെടുത്തിട്ടുണ്ട്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പല ട്രക്ക് ഡ്രൈവർമാരും ചുരം ഇറങ്ങുമ്പോൾ ഇന്ധനം ലാഭിക്കാനായി വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യാറുണ്ട്. എൻജിൻ ശേഷി കൂടി ഉപയോഗിച്ചുള്ള ബ്രേക്കിങ് സംവിധാനമാണ് ട്രക്കുകളിലും ലോറികളിലുമൊക്കെ പലപ്പോഴും ഉണ്ടാവാറ്. അതുകൊണ്ടുതന്നെ ഈ രീതി വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.