കണ്ണൂർ: കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്നവർക്കെതിരെ ഒരുമിച്ചു നിന്ന് തിരിച്ചടി നൽകാൻ സ്വർണക്കടത്തു സംഘങ്ങൾ ധാരണയിലെത്തിയെന്ന് സൂചന. രാമനാട്ടുകര അപകടത്തിൽ മരിച്ച ചിലർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് തിരിച്ചറിവിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. കരിപ്പൂർ വിമാനത്താവളം സ്വർണ്ണ കടത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. നയതന്ത്രപാഴ്‌സൽ കടത്തിൽ സ്വപ്‌നാ സുരേഷ് അറസ്റ്റിലായ ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്ക് വീണ്ടും സ്വർണ്ണ കടത്തുകാർ താവളം മാറ്റുന്നത്.

കാരിയർമാർ സ്വർണവുമായി മുങ്ങുന്നതും കാരിയർമാരുടെ അറിവോടെ സ്വർണം തട്ടിയെടുക്കുന്നതും വ്യാപകമായതോടെയാണു ഒരുമിച്ച് നിൽക്കാൻ തീരുമാനം സംഘങ്ങൾക്കിടയിലുണ്ടായത്. ഇതിന് വേണ്ടി നിയോഗിച്ചവരാണ് രാമനാട്ടുകരയിൽ ്അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. തിങ്കളാഴ്ച പുലർച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയിൽവെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്.

ഇതിന് ശേഷം നടന്ന അന്വേഷണത്തിലാണ് സ്വർണ്ണ കടത്ത് സംഘത്തിലുള്ളവരാണ് ഇവരെന്ന് വ്യക്തമായത്. ഈ വാഹനത്തിനൊപ്പം മറ്റ് രണ്ട് കാറുകൾ കൂടിയുണ്ടായിരുന്നു. കാരിയർമാരെ നിരീക്ഷിക്കാൻ എത്തിയ സംഘമാണ് ഇതെന്നാണ് സൂചന. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ ജയിലിനുള്ളിൽ നിന്ന് സ്വർണം തട്ടിയെടുക്കൽ ആസൂത്രണം ചെയ്ത് പുറത്തുള്ള സംഘാഗങ്ങൾ വഴി നടപ്പാക്കിയത് ഏറെ ചർച്ചയായിരുന്നു. ഇതിന് ശേഷമാണ് കാരിയർമാരെ നിരീക്ഷിക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്.

സ്വർക്കടത്ത് മാഫിയയെ പറ്റിക്കുന്ന കാരിയർമാരിൽ കുറച്ചു പേർക്കെങ്കിലും 'പണി' കൊടുക്കണമെന്നും ഇക്കാര്യത്തിൽ ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സ്വർണ്ണ കടത്ത് മാഫിയയുടെ തീരുമാനം. സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽപെട്ടവരോ അവരുമായി ധാരണയുള്ളവരോ ആണ് കാരിയർമാരായി എത്തുന്നതെന്നും കടത്തുസംഘങ്ങൾ സംശയിച്ചിരുന്നു. യുഎഇയിലെയും സൗദിയിലെയും ചെറുകിട നിക്ഷേപകരുടെ കൂട്ടായ്മകളാണ് ഇപ്പോൾ സ്വർണക്കടത്തിൽ സജീവമായിരിക്കുന്നത്. കാരിയർമാരുടെ ഒത്താശയോടെയും അല്ലാതെയും കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് നിരീക്ഷകരെത്തിയത്.

രാമനാട്ടുകര അപകടത്തിൽ മരിച്ച ചിലർക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് സൂചനയും പുറത്തു വന്നിട്ടുണ്ട്. ഈ സംഘത്തിലെ അംഗങ്ങൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറഞ്ഞു. ചരൽ ഫൈസൽ എന്നൊരാൾ ഇവർക്ക് ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തിന് എസ്‌കോർട്ട് പോയതായിരുന്നു ഈ സംഘമെന്നാണ് വിവരം. മരിച്ച അഞ്ചു യുവാക്കൾക്കും പ്രദേശത്തെ ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഈ സംഘത്തിന്റെ തലവനായിരുന്നു ഫൈസൽ. നിരവധി കേസുകളിൽ പ്രതിയാണ് ചരൽ ഫൈസൽ എന്നും ചെർപ്പുളശ്ശേരി പൊലീസ് പറയുന്നു. ചരൽ ഫൈസൽ സ്വർണ്ണ കടത്തുകാരുടെ നിരീക്ഷക സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന.

ടി.പി. വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടിസുനി അറസ്റ്റിലായത് ഏറെ ചർച്ചയായിരുന്നു. 2018ൽ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. യുവാവിന്റെ കൈയിൽ നിന്ന് സ്വർണം നഷ്ടമായതോടെ പണം തിരികെക്കിട്ടാൻ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. മറ്റ് മൂന്ന് പേർ കൂടി ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

സ്വർണ്ണക്കടത്തിനായി കൊടിസുനിയും സംഘവും ഗൾഫിലേക്കയച്ച റാഷിദെന്ന യുവാവ് ഡിസംബർ എട്ടിന് തിരികെയെത്തി. രഹസ്യഭാഗത്ത് ഒളിപ്പിച്ച് എത്തിച്ച സ്വർണവുമായി കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് ട്രെയിൻ യാത്രക്കിടെ 14 ലക്ഷം വില വരുന്ന സ്വർണം നഷ്ടമായി. ഈ പണം തിരികെക്കിട്ടാൻ യുവാവിനെയും സഹോദരനെയും ഭീഷണിപ്പെടുത്തിയതാണ് കേസ്. അന്ന് കൊടിസുനിയുടെ സംഘാംഗങ്ങൾ ഭീഷണി നടത്തിയിരുന്നു. യുവാവിന്റെ സഹോദരനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടു പോയി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടുത്തിയിട്ടും വീട്ടിലെത്തിയും ഭീഷണി തുടർന്നു.