കൊൽക്കത്ത: സിപിഎമ്മിനെ പുറത്താക്കിയത് പോലെ ബംഗാളിൽ നിന്ന് ബിജെപിയെയും പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ആളുകളെ വിലയ്ക്കെടുക്കുകയാണെന്നും അവർ ആരോപിച്ചു. ഒന്നാം ഘട്ട വോട്ടെടുപ്പിന് പിന്നാലെയായിരുന്നു മമത ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.

'ബിജെപിയുടെ കയ്യിൽ നിറയെ പണമുണ്ട്. അതുകൊണ്ട് അവർ ആളുകളെ വിലയ്‌ക്കെടുക്കുകയാണ്. മോദി ഭൂമി പിടിച്ചെടുക്കുന്നു. അദാനി തന്റെ സുഹൃത്ത് ആയതിനാൽ മോദി എല്ലാം തട്ടിയെടുക്കും. സിപിഎമ്മിനെ തുരത്തിയതുപോലെ ബിജെപിയേയും ഓടിക്കണം'മമത പറഞ്ഞു.

അതേസമയം, ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 30 സീറ്റുകളിൽ 26ലും ബിജെപി ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പാർട്ടിക്ക് വേണ്ടി വോട്ടുചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെ ബൂത്ത് ലെവൽ ഉള്ള പാർട്ടി പ്രവർത്തകരും നേതാക്കന്മാരും പറയുന്നത് ബംഗാളിൽ ആദ്യഘട്ടവോട്ടെടുപ്പ് നടന്ന 30 സീറ്റുകളിൽ ബിജെപി വലിയ ഭുരിപക്ഷത്തിന് ജയിക്കുമെന്നാണ്. അസമിലും പാർട്ടി നില മെച്ചപ്പെടുത്തും. അവിടെ 47ൽ 37 സീറ്റിലും ജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.