കൊച്ചി: ചെല്ലാനം സെന്റ്. സെബാസ്റ്റ്യൻ ഇടവക ദേവാലയത്തിൽ ഇസ്ലാമിക സൂക്തങ്ങൾ മുഴങ്ങിയ സംഭവത്തിൽ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ. കൊച്ചി രൂപത പിആർഒ ഫാ. ജോണി സേവ്യർ പുതുക്കാട്ടാണ് സംഭവത്തിൽ ഖേദം രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ 20ന് നടന്ന സംഭവത്തിൽ വിശ്വാസികൾക്കിടയിൽ എതിർപ്പ് ഉയർന്നതോടെയാണ് മാപ്പു പറയലിൽ കാര്യങ്ങളെത്തിയത്. 

സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ പള്ളിയിൽ ആദരിച്ച ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ചെല്ലാനത്ത് സേവനം നടത്തിവരുന്ന കണ്ണമാലി സർക്കിൾ ഇൻസ്പെക്ടർ ഷിജുവിനെയും ചെല്ലാനം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിമിനെയും സെന്റ്. സെബാസ്റ്റ്യൻ ഇടവക ആദരിക്കുകയായിരുന്നു.

ആദര ഫലക സമർപ്പണത്തിന് ശേഷം ഇവരെ നന്ദി അർപ്പണത്തിന് ക്ഷണിച്ചു. സംസാരിക്കുന്നവർക്ക് സഹചര്യ പരിമിതി കാരണം അൾത്താരയിലെ ശബ്ദ സംവിധാനമാണ് ഇവർക്ക് സംസാരിക്കാനായി നൽകിയത്. തുടർന്ന് അൾത്താരയിലെത്തിയ മുഹമ്മദ് ഹാഷിം ഇസ്ലാമിക സൂക്തങ്ങൾ മുഴക്കി കൊണ്ടാണ് സംസാരിച്ചത്.

പൊതു ആരോഗ്യ പ്രവർത്തകനെന്ന നിലയിൽ പൊതുവായ നിർദ്ദേശങ്ങൾ എന്തെങ്കിലും മുഹമ്മദ് ഹാഷിം നൽകുമെന്ന ധാരണയിലാണ് ശബ്ദസംവിധാനങ്ങളെ ഉപയോഗിക്കാൻ അദ്ദേഹത്തിന് അനുവാദം നൽകിയതെന്ന് ഫാ. ജോണി സേവ്യർ പുതുക്കാട്ട് പറഞ്ഞു.വ്യക്തി വിശ്വാസങ്ങളെയും ഔദ്യോഗിക അറിയിപ്പുകളെയും കൂട്ടിക്കലർത്തിയാണ് മുഹമ്മദ് ഹാഷിം സംസാരിച്ചത്. ഇതാണ് വിവാദത്തിലായത്.

ചെല്ലാനത്തെ ജനങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് താൻ പ്രാർത്ഥിക്കാറുണ്ടെന്നും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് രോഗങ്ങളെല്ലാം കുറഞ്ഞെന്നും മുഹമ്മദ് ഹാഷിം പറയുകയുണ്ടായി. പള്ളിയിൽ കയറിയുള്ള ഇത്തരം പ്രസംഗം അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഒരു വിഭാഗം പരാതിപ്പെട്ട. ഇതോടെയാണ് സംഭവത്തിൽ പള്ളി വികാരിക്കെതിരെയും ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെയും ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് കത്തോലിക്ക സഭ നേരിട്ട് രംഗത്തെത്തിയത്.