മഡ്ഗാവ്: മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും ഈസ്റ്റ് ബംഗാളിനെതിരേ ചെന്നൈയിൻ എഫ്.സിക്ക് ഗോൾരഹിത സമനില. ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതാണ് മത്സരം വിരസമായ സമനിലയ്ക്ക് വഴിമാറിയത്. ചെന്നൈയിൻ എഫ് സി നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധ മതിലിൽ തട്ടി അതെല്ലാം തകർന്നു. ഫിനിഷിംഗിലെ പോരായ്മയാണ് ചെന്നൈയിന് തിരിച്ചടിയായത്.

ഗോൾ എന്നുറപ്പിച്ച ഒട്ടേറെ സുവർണാവസരങ്ങൾ ലഭിച്ചിട്ടും ഒന്ന് പോലും ലക്ഷ്യത്തിലെത്തിക്കാൻ ചെന്നൈയിൻ താരങ്ങൾക്ക് സാധിച്ചില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഈസ്റ്റ് ബംഗാൾ ബോക്സിലേക്ക് ചെന്നൈയിൻ താരങ്ങളുടെ ആക്രമണമായിരുന്നു. നാലാം മിനിറ്റിൽ തന്നെ അനിരുദ്ധ് ഥാപ്പയുടെ മുന്നേറ്റത്തിൽനിന്ന് മിർലാൻ മുർസെവ് നൽകിയ ക്രോസ് വ്ളാഡിമിർ കോമാന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

പ്രതിരോധനിരയിൽ സുവം സെന്നിന്റെ പ്രകടനമാണ് കരുത്തരായ ചെന്നൈയിനെ പിടിച്ചു കെട്ടാൻ ഈസ്റ്റ് ബംഗാളിനെ തുണച്ചത്. ആദ്യ പകുതിയിൽ പൂർണമായും പ്രതിരോധത്തിലൂന്നി കളിച്ച ഈസ്റ്റ് ബംഗാൾ രണ്ടാം പകുതിയിൽ കുറച്ചു കൂടി ആക്രമണത്വര പുറത്തെടുത്തെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല.

10-ാം മിനിറ്റിൽ മത്സരത്തിലെ തന്നെ മികച്ച രക്ഷപ്പെടുത്തൽ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ സുവം സെന്നിൽ നിന്നുണ്ടായി. പോസ്റ്റിന് തൊട്ടുമുന്നിൽനിന്നുള്ള ചാങ്തെയുടെ ശ്രമം സുവം സെൻ അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിലുടനീളം സുവം സെന്നിന്റെ സേവുകൾ ബംഗാൾ ടീമിന്റെ രക്ഷയ്ക്കെത്തി.

ഇതിനിടെ 25-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ ഒരു സെൽഫ് ഗോൾ വഴങ്ങുന്നതിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. കോർണറിൽനിന്ന് പന്ത് ലഭിച്ച ലാലിയൻസുല ചാങ്തെയുടെ പാസ് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ ആമിർ ഡെർവിസെവിച്ചിന്റെ കാലിൽ തട്ടി പന്ത് സൈഡ് നെറ്റിൽ പതിക്കുകയായിരുന്നു.

66-ാം മിനിറ്റിൽ അനിരുദ്ധ ഥാപ്പ നൽകിയ പന്ത് ലക്ഷ്യത്തിലെത്തിക്കാൻ ജെറിക്കായില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.

75-ാം മിനിറ്റിൽ സുവർണാവസരം ഈസ്റ്റ് ബംഗാൾ നഷ്ടമാക്കുകയും ചെയ്തു. ആമിർ ഡെർസിവിച്ച് നൽകിയ ക്രോസിൽ തലവെക്കാൻ രാജു ഗെയ്ക്വാദ് പരാജയപ്പെട്ടതാണ് ഈസ്റ്റ് ബംഗാളിന്റെ വിജയസാധ്യത അടച്ചത്. ഈസ്റ്റ് ബംഗാൾ ഡിഫൻഡർമാരായ ഹിറ മൊൺഡാൽ, ടോമിസ്ലാവ് മർസെല, ജോയ്നർ ലൊറെൻസോ എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്.

ആദ്യ വിജയത്തിനായുള്ള ഈസ്റ്റ് ബംഗാളിന്റെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. സമനില വഴങ്ങിയെങ്കിലും മൂന്ന് കളികളിൽ ഏഴ് പോയന്റുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താൻ ചെന്നൈയിനായി. സമനിലയോടെ ഈസ്റ്റ് ബംഗാൾ ഒരു സ്ഥാനം ഉയർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നിൽ ഒമ്പതാം സ്ഥാനത്തെത്തി.