തിരുവനന്തപുരം: വോട്ടേഴ്സ് ലിസ്റ്റിലെ ഇരട്ട വോട്ടുകൾ കണ്ടെത്തി അത് ശുദ്ധീകരിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കയ്യേറ്റമാണെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വോട്ട് ഇരട്ടിപ്പും വ്യാജവോട്ടുകളും നീക്കം ചെയ്യുകയും അത് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് പകരം അത് പുറത്തു കൊണ്ടുവന്നവരെ പിടികൂടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ശ്രമിക്കുന്നത്. ഇത് കേട്ട് കേഴ്‌വി ഇല്ലാത്ത കാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്്സൈറ്റിൽ പ്രസിദ്ധീകിരച്ചിരുന്ന വോട്ടർ പട്ടികയാണ് പ്രതിപക്ഷം പരിശോധിച്ച് ഇരട്ടിപ്പ് കണ്ടെത്തിയത്. ഏത് പൗരനും പ്രാപ്യമായ ലിസ്റ്റാണത്. അതിലെവിടെയാണ് ചോർത്തലുള്ളത്?

കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കി നീതിയുക്തമായ തിരഞ്ഞെടുപ്പ് നടത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കടമയാണ്. അതിലാണ് കമ്മീഷന് വീഴ്ച പറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർമാരുടെ പട്ടികയിൽ അമ്പരപ്പിക്കുന്ന തോതിലാണ് ഇരട്ടിപ്പ് കടന്നു കൂടിയത്. നിക്ഷപക്ഷമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുന്ന തരത്തിലായിരുന്നു അത്. ഒരേ വോട്ടർമാരുടെ ഫോട്ടോയും വിലാസവും ഉപയോഗിച്ച് നിരവധി വ്യാജവോട്ടർമാരാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് പുറത്തു കൊണ്ടു വരികയാണ് അന്ന് പ്രതിപക്ഷം ചെയ്തത്. വെറുതെ ആരോപണം ഉന്നയിക്കുക അല്ല, തെളിവ് സഹിതം പിഴവ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ്.

വോട്ട് ഇരട്ടിച്ചു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും അന്ന് സമ്മതിച്ചതാണ്. എന്നിട്ടിപ്പോൾ മുഖം രക്ഷിക്കുന്നതിനുള്ള സർക്കസാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നത്. കുറ്റമറ്റരീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ബാദ്ധ്യതപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ അതിനുള്ള ഉദ്യമത്തിനെതിരെ കേസു കൊടുക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.