കൊച്ചി: ഇരട്ട, വ്യാജ വോട്ടുകൾ മരവിപ്പിക്കുകയോ നീക്കം ചെയ്യുകയോ വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി അതിനിർണ്ണായകമാകും. തെരഞ്ഞെടുപ്പിന്റെ സ്വഭാവത്തെ തന്നെ ഇത് സ്വാധീനിക്കും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. നടപടിക്കു തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകണമെന്നും ഇരട്ട, വ്യാജ വോട്ടുകൾ ചെയ്യാൻ അനുവദിക്കരുതെന്നും ഹർജിയിൽ പറയുന്നു.

'ഇരട്ട, വ്യാജ വോട്ടുകൾ സംബന്ധിച്ച് 5 കത്തുകളും സിഡിയും റിപ്പോർട്ടും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകിയെങ്കിലും മറുപടി പോലുമില്ല. '-എന്ന വിമർശനവുമായാണ് ചെന്നിത്തലയുടെ ഹർജി. ഹൈക്കോടതിയിൽ കമ്മീഷൻ കൃത്യമായ ഉത്തരം നൽകേണ്ടി വരും. ഏതായാലും ഐഎഎം പ്രഫസറെ നിയോഗിച്ച് കള്ളവോട്ടുകൾ കണ്ടെത്തിയ കോൺഗ്രസ് നീക്കം അതിനിർണ്ണായകമാകുകയാണ്. എല്ലാ മണ്ഡലത്തിലും സംഘടിതമായി കള്ളവോട്ട് ചേർത്തു എന്നാണ് വ്യക്തമാകുന്നത്. ഒരാളുടെ ചിത്രം ഉപയോഗിച്ചു വിവിധ മണ്ഡലങ്ങളിൽ വെവ്വേറെ പേരും വിലാസവും നൽകി 5 വ്യാജ വോട്ടർ കാർഡ് വരെ സൃഷ്ടിച്ചതിന്റെ തെളിവു പുറത്തു വന്നു. സാങ്കേതികപിഴവല്ല, ആസൂത്രിത നീക്കമെന്നു തെളിയിക്കുന്നതാണ് രേഖകൾ. അതുകൊണ്ട് തന്നെ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാകും.

നേമത്ത് 88ാം ബൂത്തിലെ അശ്വതി സി.നായർ, ബൂത്ത് 98 ലെ ഷെമി, ചിറയിൻകീഴ് 119ാം ബൂത്തിലെ സിന്ധു, വട്ടിയൂർക്കാവ് 32ാം ബൂത്തിലെ സജിത, കഴക്കൂട്ടം 33ാം ബൂത്തിലെ അനിതാ കുമാരി എന്നിവരുടെ കാർഡുകളിൽ ഒരേ ഫോട്ടോയാണ്. നേമത്തെ തന്നെ 62ാം ബൂത്തിലെ ഷഫീഖ്, ബൂത്ത് 90 ലെ ഹരികുമാർ, 47 ലെ ശെൽവകുമാർ, തിരുവനന്തപുരം 110ാം ബൂത്തിലെ ഉത്തമൻ, വട്ടിയൂർക്കാവ് 89ാം ബൂത്തിലെ സുനിൽ രാജ് എന്നിവർക്കും വിലാസം പലതാണെങ്കിലും ഒരൊറ്റ ഫോട്ടോയാണ്. അതായത് വോട്ട് ചെയ്യുമ്പോൾ വിരലിൽ പുരട്ടുന്ന മഷി മായ്ച ശേഷം വേറൊരു ബൂത്തിലെത്തി വോട്ട് ചെയ്യാൻ ഇതിലൂടെ ഇവർക്ക് കഴിയും.

പട്ടികയിൽ പേരു ചേർക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്തകരാറോ പലവട്ടം വോട്ടു ചേർക്കുന്നതു കൊണ്ടോ ആകാം പിഴവെന്ന വാദം തള്ളുന്നതാണു ഒരോ ഫോട്ടോയും വിവിധ മേൽവിലാസവും ഉപയോഗിച്ചുള്ള പേരു ചേർക്കൽ.. പിടിക്കപ്പെടാതിരിക്കാൻ ഒരു പടം ഉപയോഗിച്ചു പല മണ്ഡലങ്ങളിലായി വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണു വ്യക്തമാകുന്നത്. 5 പേരിലെ യഥാർഥ വോട്ടർ ആരാണ്, അവർക്ക് ക്രമക്കേടിനെക്കുറിച്ച് അറിവുണ്ടോ തുടങ്ങിയ വിവരങ്ങൾ വിശദ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. ഫോട്ടോ ഐഡി നിർബന്ധം ആയതിനാൽ വോട്ടർ പട്ടികയിൽ ഫോട്ടോ ഉള്ള ആളിനേ എല്ലാ വോട്ടും ചെയ്യാനാകൂ. അതുകൊണ്ട് തന്നെ ഇയാൾ അറിയാതെ ഇത്തരത്തിലൊരു തട്ടിപ്പ് നടത്താനും ആകില്ല. ഈ വിഷയത്തിൽ ഹൈക്കോടതി അന്വേഷണവും നടപടിയും പ്രഖ്യാപിച്ചാൽ വ്യാജ വോട്ടർമാർ കുടുങ്ങും.

കള്ളവോട്ടുകൾ പിടിച്ചാൽ മാത്രമേ ഇടതുപക്ഷത്തെ തോൽപ്പിക്കാനാകൂ. ഇടത് കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ഇത് അനിവാര്യമാണ്. ആറ്റിങ്ങൽ പിടിക്കാൻ അടൂർ പ്രകാശ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പുറത്തെടുത്ത തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പു കാലത്തും കള്ളവോട്ട് വില്ലനാകുമെന്ന് കോൺഗ്രസുകാർ തിരിച്ചറിഞ്ഞിരുന്നു. അതും പേരും പ്രശസ്തിയും ആഗ്രഹിക്കാത്ത വിദഗ്ധനെ. ഇതാണ് കള്ളവോട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിച്ചതും കള്ളത്തരം ഓരോന്നായി പുറത്തു വന്നതിന് വഴിയൊരുക്കിയതും. തുടക്കത്തിൽ ഇടതുപക്ഷം കോൺഗ്രസിനെ ഇതിന്റെ പേരിൽ കളിയാക്കി. എന്നാൽ കമ്മീഷൻ തന്നെ എല്ലാം ശരിയാണെന്ന് സ്ഥിരീകരിച്ചു. പക്ഷേ നടപടിയൊന്നും എടുത്തില്ല. ഇതോടെയാണ് ചെന്നിത്തല കോടതിയിലേക്ക് നീങ്ങിയത്.

തന്ത്രപരമായാണ് പ്രഫസറായ വ്യക്തി കള്ളം കണ്ടെത്തിയത്. സോഫ്റ്റ് വെയറിന്റെ സഹായത്തോടെ എല്ലാ പട്ടികയും അരിച്ചു പെറുക്കുകയായിരുന്നു. കോൺഗ്രസ് നേതാവിന്റെ മകനാണ് ഈ വിദഗ്ധൻ. ഉദയ്‌പ്പൂർ ഐ ഐ എം പ്രഫസറായിരുന്നു ബിസിസ് സ്ട്രാറ്റജിയിൽ പി ച്ച് ഡിയും ഉണ്ട്. പ്രഫസർ ജോലി രാജി വെച്ച് ശമ്പളം ഇല്ലാതെ ഐ ഐ എമ്മിൽ ക്ലാസ് എടുക്കുന്ന വ്യക്തി. ആറ് മാസത്തിലധിക നീണ്ട പ്രവർത്തനത്തിലൂടെയാണ് ഓരോ മണ്ഡലത്തിലേയും കള്ളവോട്ട് ഇദ്ദേഹം കണ്ടെത്തിയത്. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപേ കെ പി സി സി യെ വിഷയം ധരിപ്പിച്ചിരുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശും കള്ളവോട്ടിന്റെ പ്രസക്തി തെളിയിച്ചു. ഇതോടെ കോൺഗ്രസ് നേതൃത്വവും നിയമസഭയിലേക്ക് മുന്നൊരുക്കം തുടങ്ങി.

ഉന്നത എ ഐ സി സി നേതാക്കളുമായുള്ള അടുത്ത ബന്ധം പുലർത്തുന്ന ഈ വ്യക്തിയെ ഈ ചുമതല ഏൽപ്പിക്കുകയും ചെയ്തു. സോഫ്റ്റ് വെയറുകളിലൂടെ ഡാറ്റാ നിരീക്ഷിച്ച് കള്ളത്തരം കണ്ടെത്തി. നേരത്തെ എ ഐ സി സി ഗവേഷണ വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു വിദഗ്ധൻ അറിയപ്പെടുന്ന ഇലക്ഷൻ സ്ട്രാറ്രജിസ്റ്റാണ്. പോരാത്തതിന് മനേജ്മെന്റ് വിദഗ്ധനും. ഡേറ്റ അനലിസ്റ്റ് ആയ ഇദ്ദേഹം ഇപ്പോൾ രാജ്യത്തിന് അകത്തും പുറത്തുമുള്ള മാനേജ്മെന്റ് കോളേജുകളിൽ വിസിറ്റിങ് പ്രഫസറാണ്. ഈ വ്യക്തിയുടെ മികവാണ് കോൺഗ്രസിന്റെ കള്ളവോട്ട് കണ്ടെത്തലിന് പിന്നിൽ കരുത്താകുന്നത്.