ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയം അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഉണ്ടായത്. ഈ പരാജയത്തെ വലിയ പാഠമായി തങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഈ പരാജയം കരുതിയതല്ല. ജനവിധി ആദരവോടെ മാനിക്കുന്നു. കൂട്ടായ ചർച്ചകളിലൂടെ യു ഡി എഫ് മുന്നോട്ട് പോകും. ഇടതുപക്ഷത്തിന്റെ അഴിമതി ഈ വിജയം കൊണ്ട് ഇല്ലാതായി എന്ന് കരുതേണ്ടയെന്നും ചെന്നിത്തല പറഞ്ഞു.

വിജയിച്ച വന്ന എല്ലാ ജനപ്രതിനിധികൾക്കും ആശംസ നേരുന്നു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതയായിരുന്നു. സർക്കാർ അവയൊക്കെ തിരുത്തിയിട്ടുണ്ട്. തലസ്ഥാനത്തും തൃശൂരിലും ആലപ്പുഴയിലുമൊക്കെ തിരിച്ചടി ഉണ്ടായിട്ടുണ്ട്. വിശദമായി പരിശോധിക്കാതെ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുന്ന കാര്യം കൂട്ടായി ആലോചിച്ച് തീരുമാനിക്കും. കോൺഗ്രസ് നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ താത്ക്കാലിക തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചടിയുടെ കാരണങ്ങൾ വിലയിരുത്തി കൂട്ടായി ചർച്ച ചെയ്തു മുന്നോട്ടുപോകും. കോൺഗ്രസ് ഇതിനു മുമ്പും വലിയ പരാജയങ്ങൾ നേരിട്ടിട്ടുണ്ട്. അതിൽനിന്നു തിരിച്ചുവന്നിട്ടുമുണ്ട്. അതുകൊണ്ട് യുഡിഎഫ് ഇതിൽനിന്നു ശക്തമായി തിരിച്ചുവരും. കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയെക്കുറിച്ചും കൊള്ളയെക്കുറിച്ചും ഇനിയും വെളിപ്പെടുത്തും. കേരളത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം കോൺഗ്രസാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.