തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിലെ തിരിമറി തടയുന്നതിനായി സീല് ചെയ്ത ബാലറ്റ് ബോക്സുകളുപയോഗിച്ച് അവ ശേഖരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി.

എൺപത് വയസ് കഴിഞ്ഞവർക്കും അംഗപരിമിതർക്കും പോസ്റ്റൽ ബാലറ്റാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിരിക്കുന്നത്. പക്ഷേ ഇത് ഇടതുപക്ഷം വ്യാപകമായി ദുരുപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടതു അനുഭാവികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇങ്ങനെ ശേഖരിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ തുറന്നു നോക്കുകയും അവ ഭരണ പക്ഷത്തിന് എതിരാണെന്ന് കാണുകയാണെങ്കിൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ പരാതിയാണ് ഇത് സംബന്ധിച്ചുണ്ടായത്. ഇത്തവണയും ഇത് ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ വീടുകളിലെത്തി പോസ്റ്റൽ വോട്ടുകൾ ശേഖരിക്കുന്നതിന് സീൽ ചെയ്ത ബാലറ്റ് പെട്ടികൾ തന്നെ ഉപയോഗിക്കുകയും സ്വതന്ത്രവും നിക്ഷപക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പഴുതില്ലാത്ത സംവിധാനം ഉറപ്പു വരുത്തുകയും വേണമെന്ന് രമേശ് ചെന്നിത്തല ചീഫ് ഇലക്ടറൽ ഓഫീസറോട് കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസർക്ക് പരാതി നൽകി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളിൽ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, പബ്ളിക് റിലേഷൻസ് ഡിപ്പർട്ട്മെന്റിനോ മാത്രമേ സർക്കാരിന്റെ പുതിയ നയത്തെയോ പിരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണ്. അതിനാൽ മുഖ്യമന്ത്രിയെ ഇതിൽ നിന്ന് തടയണമെന്ന് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രിമേ നടത്താവൂ എന്ന് നിർദ്ദേശം നല്കണമെന്നും രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയോട് അവശ്യപ്പെട്ടു.