തിരുവനന്തപുരം: പുരാവസ്തുതട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലുമായി തനിക്ക് ബന്ധമുണ്ടെന്ന പ്രവാസി മലയാളിയുടെ ആരോപണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. ആരെങ്കിലും ചാനലുകളിൽ പറയുന്നതിനോട് താനെന്ത് മറുപടി പറയാനാണെന്നാണ് ചെന്നിത്തല ചോദിച്ചത്.

'ഞാൻ ഒരു പ്രതികരണവും നടത്തുന്നില്ല. മാന്യമായും സത്യസന്ധമായും രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരെ ആക്ഷേപിക്കാൻ ആരെങ്കിലും ചാനൽ പറയുന്നതിനോട് ഞാനെന്ത് മറുപടി പറയാനാണ്. ഞാനൊന്നും പറയുന്നില്ല.''- ചെന്നിത്തല പറഞ്ഞു.

അതേസമയം, ചെന്നിത്തലയ്ക്കെതിരെ അത്തരമൊരു ആരോപണം ഉയർന്നതിൽ അത്ഭുതമില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അഭിപ്രായപ്പെട്ടത്. ''അതിലൊന്നും എനിക്കൊരു അത്ഭുതവുമില്ല. എനിക്കെതിരെയും ആരോപണം വന്നില്ലേ. പിന്നെന്താ രമേശ് ചെന്നിത്തല. കേസ് സിബിഐയോ അതിന് മുകളിലുള്ള ഏജൻസികളോ അന്വേഷിക്കട്ടേ.''-സുധാകരൻ പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ വേട്ടയാടലിനും പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുധാകരൻ പറഞ്ഞു.

മോൻസൺ മാവുങ്കലും രമേശ് ചെന്നിത്തലയും തമ്മിൽ കോടികളുടെ ഇടപാടുകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിലാണ് ഇന്നലെ വെളിപ്പെടുത്തിയത്.

25 കോടിയുടെ ഇടപാടുകളാണ് ചെന്നിത്തലയും മോൻസണും തമ്മിൽ നടത്തിയതെന്നും അത് അന്വേഷിക്കണമെന്നും അനിത ആവശ്യപ്പെട്ടു. ''രമേശ് ചെന്നിത്തലയും മോൻസണും തമ്മിൽ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിർത്തി. മോൻസണെ നല്ലരീതിയിൽ അറിയുന്ന ഒരാളാണ് ചെന്നിത്തല.'' അനിത പറഞ്ഞു. ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് അനിതയുടെ വെളിപ്പെടുത്തൽ.