കൊച്ചി: രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ സർക്കാരിന് താൽപ്പര്യമില്ലെന്ന് കേരളാ സർവ്വകലാശാല വൈസ് ചാൻസലർ രേഖാമൂലം എഴുതി നൽകിയെന്നാണ് സൂചന. ഈ കത്താണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ചതെന്നായിരുന്നു വാർത്ത. ഈ വിവാദം ചർച്ചയാക്കിയത് മുൻപ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ്. സർവ്വകലാശാലകളിലെ സർക്കാരിന്റെ ഇടപെടലിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന് കിട്ടിയ സുവർണ്ണാവസരം. എന്നാൽ ഈ വിവാദത്തിൽ ഗവർണ്ണറെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്.

ഫലത്തിൽ ഡിലിറ്റ് വിവാദത്തിൽ ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തു വരുന്നുവെന്നതാണ് ശ്രദ്ധേയം. മുതിർന്ന നേതാവായ ചെന്നിത്തലക്ക് അഭിപ്രായം പറയാം. എന്നാൽ താനും കെപിസിസി പ്രസിഡന്റും പറയുന്നതാണ് പാർട്ടി നിലപാട്. ഡി ലിറ്റ് വിഷയത്തിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നതിയില്ലെന്നും സതീശൻ പറഞ്ഞു. ഫലത്തിൽ ഡി ലിറ്റ് വിവാദത്തിൽ ചെന്നിത്തല പറയുന്നതിനെ കെപിസിസി അംഗീകരിക്കുന്നില്ലെന്നതാണ് തെളിയുന്നത്. നിയമപരമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് ഈ വിഷയത്തിൽ സതീശൻ പറയുന്നു. ചെന്നിത്തലയുടെ നിലപാടുകളെ തള്ളുക കൂടിയാണ് സതീശൻ.

'ചെന്നിത്തല മുൻ പ്രതിപക്ഷ നേതാവും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളുമാണ്. ഈ വിഷയത്തിൽ അദ്ദേഹം അഭിപ്രായം പറയാൻ പാടില്ലെന്ന് താൻ പറയില്ല. ഏകീകൃതമായ അഭിപ്രായം താൻ പറഞ്ഞതാണ്. കെപിസിസി പ്രസിഡന്റും അതുതന്നെ പറഞ്ഞിട്ടുണ്ട്. അതാണ് കോൺഗ്രസിന്റെ അഭിപ്രായം.' സതീശൻ പറഞ്ഞു. കോൺഗ്രസിലെ നേതാക്കളുമായി ചർച്ച ചെയ്താണ് അഭിപ്രായം പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. ഇതുവരെ ഒരു കാര്യത്തിലും രണ്ടപ്രായം പറഞ്ഞിട്ടില്ല. കൂടിയാലോചന നടത്തി ഒറ്റ അഭിപ്രായമേ പറയാറുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ പദവി ദുരുപയോഗം ചെയ്‌തെന്ന് ആവർത്തിച്ച പ്രതിപക്ഷനേതാവ് ഗവർണർ വിമർശനത്തിന് അതീതനല്ലെന്ന് വ്യക്തമാക്കി. വിസിയുടെ ചെവിയിൽ പറയേണ്ടതല്ല നിയമന വിഷയങ്ങളെന്നും, ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വാ പോയ കോടാലിയായ കെ സുരേന്ദ്രന്റെ മെഗഫോൺ അല്ല പ്രതിപക്ഷമെന്നാണ് സതീശന്റെ പ്രതികരണം. തെറ്റ് പറ്റിയെന്ന് ഗവർണർ പറഞ്ഞു, നിയമ വിരുദ്ധമാണെങ്കിൽ വിസിയെ പുറത്താക്കാൻ ഗവർണർ തയ്യാറാകണം. ഗവർണർ വിമർശനത്തിന് അതീതനല്ല. ഗവർണർ ചാൻസിലർ പദവിയിൽ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും് പറഞ്ഞു.

ചെന്നിത്തലയാണ് ഈ വിഷയം ചർച്ചയാക്കിയത്. അതുകൊണ്ടാണ് ഇതിൽ ഗവർണ്ണർക്കെതിരെ സതീശൻ അതിശക്തമായ നിലപാട് എടുക്കുന്നതെന്ന ചർച്ചകളും സജീവമാണ്. ഈ വിഷയത്തിൽ ചെന്നിത്തല ഇനി നടത്തുന്ന പ്രതികരണങ്ങൾ നിർണ്ണായകമാണ്. കൂടുതൽ തെളിവുകൾ ചെന്നിത്തല പുറത്തു വിട്ടാൽ സതീശനും പിന്നീട് ഈ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സംസാരിക്കേണ്ടി വരുമെന്നാണ് ചെന്നിത്തല അനുകൂലികളുടെ നിലപാട്. എന്നാൽ കരുതലോടെ മാത്രമേ ഈ വിഷയത്തിൽ ഇനി ചെന്നിത്തല ഇടപെടൽ നടത്തൂ.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഗവർണ്ണറുടെ ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് നിരാകരിച്ചെന്ന വാർത്തകൾ പരോക്ഷമായി ശരിവെക്കുകയാണ് ഗവർണർ ഇന്ന് ചെയ്തത്. പൗരന്റെ കടമകൾ എടുത്തു വിവരിക്കുന്ന ഭരണഘടനയുടെ 51-എ അനുച്ഛേദം പറഞ്ഞാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയെ ആദരിക്കേണ്ട ബാധ്യത ഓർമ്മിപ്പിച്ചത്. രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കിയെന്ന കഴിഞ്ഞ ദിവസത്തെ സൂചനയും ഇന്നത്തെ കടമ ഓർമ്മിപ്പിക്കലും ചെന്നിത്തല തുറന്നുവിട്ട വിവാദം പരിമിതികൾക്കുള്ളിൽ നിന്ന് ഗവർണ്ണർ സമ്മതിക്കുകയാണ്. ഡിലിറ്റ് ശുപാർശ നൽകാൻ അധികാരമില്ലെന്ന വിമർശനങ്ങൾ തള്ളുന്ന ഗവർണ്ണർ പരസ്യ ചർച്ചകൾ നിർത്തണമെന്നും ആവശ്യപ്പെടുന്നു.

വിസിയുടെ ചെവിയിൽ ഗവർണ്ണർ ശുപാർശ പറഞ്ഞത് ശരിയായില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. രേഖാ മൂലം അറിയിച്ചിരുന്നുവെങ്കിൽ ഈ പരാതി ഉണ്ടാകുമായിരുന്നില്ലെന്നും പറയുന്നു. സർക്കാരാണ് പ്രസിഡന്റിന് ഡിലിറ്റ് നിൽക്കാൻ തടസ്സമെന്ന തരത്തിൽ ഗവർണ്ണർക്ക് വിസി കത്തു നൽകിയെന്ന വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങളും പുറത്തു വിട്ടിരുന്നു. ഗവർണ്ണർ ചെവിയിൽ പറഞ്ഞ കാര്യത്തിന് വിസി രേഖാമൂലം ഇത്തരമൊരു മറുപടി നൽകുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഇതെല്ലാം മാധ്യമങ്ങൾ ചർച്ചയാക്കുമ്പോൾ രാജ് ഭവനും സർവ്വകലാശാലയും വിശദീകരണത്തിന് തയ്യാറുമല്ല.

അതുകൊണ്ട് തന്നെ ഇന്നത്തെ സതീശന്റെ പ്രതികരണങ്ങളെ ഗവർണ്ണർ എങ്ങനെ ഏറ്റെടുക്കുമെന്നത് നിർണ്ണായകമാണ്. വിസിയുടെ കത്തുണ്ടെങ്കിൽ അത് പുറത്തു വരുമോ എന്നത് നിർണ്ണായകമാണ്. അത് പുതിയ തലത്തിലേക്ക് ചർച്ചകളെ എത്തിക്കുകയും ചെയ്തു.