തിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ എം ആരീഫ് എംപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാൽ സൊസൈറ്റിയിൽ അല്ലെന്ന എംപിയുടെ പരാമർശം വിലകുറഞ്ഞതാണ്. പാൽ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമർശം. ഇതിന് കായംകുളം ജനത തക്കമറുപടി നൽകും. എംപിയുടെ പരാമർശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

കായംകുളത്ത് നടന്ന വനിതാ സംഗമത്തിൽ പ്രസംഗിച്ചപ്പോഴായിരുന്നു ആരിഫിന്റെ വിവാദ പരാമർശം. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നാണ് ആരിഫ് എൽഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിച്ചത്. നവ മാധ്യമങ്ങളിൽ ഉൾപ്പെടെ ആരിഫിനെതിരെ യുഡിഎഫ് പ്രവർത്തകർ വലിയ വിമർശനമാണ് ഉന്നയിക്കുന്നത്.

ആരിഫിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പ്രതികരിച്ചു. തൊഴിലാളിവർഗ പാർട്ടിയുടെ നേതാവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമർശം ഒട്ടും പ്രതീക്ഷിച്ചില്ല. സാധാരണക്കാരായ തൊഴിലാളികളെ ആകെയാണ് ആരിഫ് അപമാനിച്ചതെന്നുമായിരുന്നു അരിത ബാബുവിന്റെ പ്രതികരണം.