തിരുവനന്തപുരം: കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം അറിയിച്ച് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കാൻ വ്യക്തമായ ഗൂഢാലോചന നടന്നിരുന്നു. കെസി വേണുഗോപാലാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും എ ഐ ഗ്രൂപ്പുകൾ വിലയിരുത്തുന്നു. രമേശ് ചെന്നിത്തലയ്ക്ക് മാന്യമായി സ്ഥാനമൊഴിയാൻ കെസി അവസരം നൽകിയില്ല. ചെന്നിത്തലയ്ക്ക് ഇനി അധികാരമൊന്നും ഉണ്ടാകില്ലെന്ന സന്ദേശം നൽകി ഐ ഗ്രൂപ്പിലെ നേതാവാകാനാണ് കെസിയുടെ ശ്രമം. ഇതിന വേണ്ടിയാണ് ചെന്നിത്തലയെ അപമാനിച്ചത്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല സോണിയയ്ക്ക് കത്തയയ്ക്കുന്നത്.

വികാരനിർഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിക്കുള്ളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. കെസി വേണുഗോപാലിനെതിരെ ഐ ഗ്രൂപ്പിനെ ഒരുമിപ്പിക്കാനാകും ചെന്നിത്തലയുടെ ശ്രമം. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി പിന്തുണയ്ക്കാനും ചെന്നിത്തല തീരുമാനിച്ചു കഴിഞ്ഞു.

നിയമസഭാ കക്ഷി നേതാവായുള്ള തലയെണ്ണലിന് ഹൈക്കമാണ്ട് എത്തിയപ്പോൾ 21 എംഎൽഎമാരും വ്യക്തിപരമായ അഭിപ്രായം അറിയിച്ചിരുന്നു. ഇതിൽ ബഹുഭൂരിപക്ഷവും സതീശന് എതിരായിരുന്നു. പകുതിയിൽ അധികം പേർ ചെന്നിത്തലയുടെ പേരും പറഞ്ഞു. എയിലേയും ഐയിലേയും എംഎൽഎമാരിൽ കൂടുതലും ചെന്നിത്തലയ്ക്കൊപ്പമായിരുന്നു. കൃത്യമായി പറഞ്ഞാൽ 12 പേർ രമേശ് ചെന്നിത്തലയുടെ പേരാണ് പ്രതിപക്ഷ നേതാവായി എടുത്തു കാട്ടിയത്. ഇതിൽ ഉമ്മൻ ചാണ്ടിയും ഉൾപ്പെടും. രണ്ടു പേർ സ്വന്തം പേരും പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനും പിടി തോമസുമാണ് സീനിയോറിട്ടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവാകാൻ അർഹതയുണ്ടെന്ന് അഭിപ്രായപ്പെട്ടത്. മറ്റാരും ഇവരുടെ പേര് പറഞ്ഞില്ല.

ഐ ഗ്രൂപ്പിലെ രണ്ടു എംഎൽഎമാർ ഹൈക്കമാണ്ടിനൊപ്പമായിരുന്നു. പെരാവൂരിൽ നിന്നുള്ള സജീവ് ജോസഫും വണ്ടൂരിൽ നിന്നുള്ള കെപി അനിൽകുമാറും. സജീവ് ജോസഫിന് കെ സുധാകരനോടാണ് അടുപ്പം. അനിൽ കുമാർ കെസി വേണുഗോപാലിനൊപ്പവും. അപ്പോഴും കെപി അനിൽകുമാർ പോലും ചെന്നിത്തലയെ നിഷേധിച്ചില്ല. പകരം പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പാർലമന്ററീ പാർട്ടി പ്രമേയത്തിന്റെ അന്തസത്ത ഉൾക്കൊണ്ടു. സതീശൻ ഉൾപ്പെടെ അഞ്ചു പേർ മാത്രമാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് സതീശന്റെ പേരു പറഞ്ഞത്. അതായത് 21 അംഗ പാർലമെന്ററീ പാർട്ടിയിൽ നാലിൽ ഒന്നിന്റെ പിന്തുണ പോലും സതീശനില്ല. എന്നിട്ടും സതീശൻ പ്രതിപക്ഷ നേതാവായി.

ഹൈക്കമാണ്ട് പ്രതിനിധികൾ നേതാവിനെ തെരഞ്ഞെടുക്കാൻ എത്തിയപ്പോൾ ആദ്യം സംസാരിച്ചത് ചെന്നിത്തലയോടായിരുന്നു. നേതൃമാറ്റം വേണമോ എന്നും മറ്റെന്തെങ്കിലും പദ്ധതികൾ ഹൈക്കമാണ്ടിനുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. ഒന്നും ഇല്ലെന്നും എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രമാകും മാനദണ്ഡമെന്നും അവർ അറിയിച്ചു. ഉമ്മൻ ചാണ്ടിക്കും നൽകിയ സന്ദേശം അതായിരുന്നു. ഇതോടെ എംഎൽഎമാരിൽ ഭൂരിപക്ഷമുള്ള ചെന്നിത്തല സ്വാഭാവികമായി പ്രതിപക്ഷ നേതാവാകുമെന്നും കരുതി.

ഭൂരിപക്ഷ പിന്തുണ ചെന്നിത്തലയ്ക്ക് എതിരാണെന്ന് വരുത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ നിലപാട് വളരെ കൃത്യമായി പൊതുസമൂഹത്തിൽ എത്തിയതിനാൽ ഇത് നടക്കാതെ പോയി. ഇതോടെ കെസി ജോസഫിനെ കെപിസിസി പ്രസിഡന്റാക്കാൻ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ശ്രമിക്കുന്നുവെന്ന പ്രചരണം എത്തി. ഇതോടെ സോഷ്യൽ മീഡിയയിലെ കെ സുധാകരൻ അനുകൂലികൾ പോലും ചെന്നിത്തലയ്ക്ക് എതിരായി. നിരന്തരം സൈബർ ആക്രമണങ്ങൾ നടന്നു. ഉമ്മൻ ചാണ്ടിയേയും ആക്ഷേപിച്ചു. എന്നാൽ കെസി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനുള്ള ചിന്ത ഒരു ഘട്ടത്തിലും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നടത്തിയിരുന്നില്ലെന്നതാണ് വസ്തുത.

അണികളുടെ വികാരം ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും എതിരാണെന്ന സന്ദേശം ഹൈക്കമാണ്ടിൽ സോഷ്യൽ മീഡിയയിലൂടെ എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമായിരുന്നു അത്. എങ്ങനേയും വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുക. ഇതിലൂടെ ഹൈക്കമാണ്ടിൽ തനിക്കുള്ള സ്വാധീനം തെളിയിക്കുകയായിരുന്നു കെസി വേണുഗോപാലിന്റെ ശ്രമം. ഇതിന് വേണ്ടി ചെന്നിത്തലയ്ക്കൊപ്പമുള്ളവരെ തന്ത്രത്തിലൂടെ കൂടെ കൂട്ടുകയായിരുന്നു കെസി.

ഇതു മനസ്സിലാക്കിയാണ് ചെന്നിത്തലയ്ക്ക് ഉമ്മൻ ചാണ്ടി പന്തുണ നൽകിയത്. എന്നാൽ എല്ലാം സമർത്ഥമായി ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് കെസി അട്ടിമറിച്ചുവെന്ന് ചെന്നിത്തല തിരിച്ചറിയുന്നു.