ആലപ്പുഴ: ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രി ആയിരിക്കെ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് എ.എം. ആരിഫ് എംപി നൽകിയ കത്ത് വിവാദം ആയതിന് പിന്നാലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. ദേശീയപാതയിൽ ചേർത്തല-അരൂർ ഭാഗത്തെ നിർമ്മാണത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് ആരിഫ് കത്ത് നൽകിയിരുന്നു. അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും സദുദ്ദേശത്തോടെയാണ് കത്ത് നൽകിയതെന്നും ആരിഫും റോഡിന് കുഴപ്പമുണ്ടെങ്കിൽ ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്ന് ജി.സുധാകരനും പ്രതികരിക്കുകയും ചെയ്തു.

ഫണ്ടിന്റെ അപര്യാപ്തത കാരണം ടാറിന്റെ നിലവാരത്തിൽ കുറവ് വരുത്തിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ആരിഫിന്റെ പരാതിയെക്കുറിച്ച് എക്‌സിക്യൂട്ടീവ് എൻജിനീയറാണ് അന്വേഷണം നടത്തിയത്

എസ്റ്റിമേറ്റ് തുക 44.34 കോടിയിൽനിന്ന് 41.7 1 കോടി രൂപയായി കുറച്ചു. ടാറിംഗിൽ ഉപയോഗിക്കേണ്ട തെർമോപ്ലാസ്റ്റിക് പെയിന്റ്, റോഡ് സ്റ്റഡ് എന്നീ ഇനങ്ങളിൽ കുറവുവരുത്തി. ജി സുധാകരൻ മന്ത്രിയായിരുന്നപ്പോൾ തന്നെ എ എം ആരിഫ് റോഡിനെ കുറിച്ച് പരാതി നൽകിയിരുന്നു. വിജിലൻസ് വിഭാഗം അന്വേഷിച്ച് ടാറിംഗിൽ കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു എന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. കേന്ദ്രസർക്കാർ ആവശ്യത്തിനു ഫണ്ട് അനുവദിക്കാത്തതിനാൽ ടാറിംഗിൽ ഉണ്ടായ കുഴപ്പമാണ് കുണ്ടും കുഴിയും രൂപപ്പെടാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.

36 കോടി ചെലവിട്ട് ജർമൻ സാങ്കേതികവിദ്യയോടെയായിരുന്നു റോഡിന്റെ പുനർനിർമ്മാണം. ദേശീയപാത 66ൽ ആലപ്പുഴ ജില്ലയിലെ അരൂർ മുതൽ ചേർത്തല വരെയുള്ള ഭാഗത്തിന്റെ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. 2019ലാണ് ദേശീയപാതയുടെ നിർമ്മാണം നടത്തിയത്. മൂന്ന് വർഷം ഗ്യാരണ്ടിയോടെയാണ് ദേശീയപാത നിർമ്മിച്ചത്. എന്നാൽ, ഒന്നര വർഷം കൊണ്ടു തന്നെ ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

കത്ത് പുറത്തായതിന് പിന്നാലെ ചേർത്തല- അരൂർ പാത നിർമ്മാണത്തിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയിൽ ജി. സുധാകരനെ ന്യായീകരിച്ച് ആരിഫ് എംപി രംഗത്തെത്തി. ഇക്കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടാവില്ല. കരാറുകാരും എൻജിനീയർമാരുമാണ് ഉത്തരവാദികൾ. അവരുടെ ഇടപെടലുകൾ അന്വേഷിക്കണമെന്നും ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കേ നടത്തിയ ദേശീയപാത പുനർനിർമ്മാണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ കത്ത് ദുർവ്യാഖ്യാനം ചെയ്തെന്ന് എ എം ആരിഫ് എംപി.കത്തിന് പിന്നിൽ നല്ല ഉദ്ദേശ്യം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റോഡ് നവീകരണത്തിൽ അഴിമതി നടന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും, നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരനെന്നും ആരിഫ് പറഞ്ഞു. മൂന്നുവർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരം കുറവാണെന്നും, പാതയിൽ നിരവധി കുഴികളാണ് ഉള്ളതെന്നുമായിരുന്നു അദ്ദേഹം കത്തിൽ പറഞ്ഞത്.