കണ്ണൂർ: സിപിഎം. 23 ാം പാർട്ടികോൺഗ്രസ്സ് പടിവാതിക്കൽ എത്തുമ്പോൾ ചെറുമാവിലായി ഗ്രാമത്തിന് പറയാനുണ്ട് കമ്യൂണിസത്തിന്റെ വീര കഥകൾ. കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് അന്നും ഇന്നും സുപ്രധാന പ്രദേശമാണ് ചെറുമാവിലായി.

1942 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി കേരളത്തിൽ ആദ്യമായി ചേർന്നത് ചെറുമാവിലായിയിലാണ്. അന്ന് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന വി എസ് ഘാട്ടെ, സുന്ദരയ്യ, എ. കെ. ജി., ഇ.എം. എസ്. എന്നിവർ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാത്തതിനാൽ എല്ലാം രഹസ്യമായിരുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കണ്ണുവെട്ടിച്ചായിരുന്നു കേന്ദ്ര കമ്മിറ്റി ചേർന്നത്.

1939 ൽ പാറപ്രത്ത് വെച്ച് കമ്മയൂണിസ്റ്റ് പാർട്ടി രൂപീകരിച്ചെങ്കിലും പരസ്യമായ പ്രവർത്തനം തുടങ്ങിയിരുന്നില്ല. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പേരിലായിരുന്നു പ്രവർത്തനം. അക്കാലത്ത് ചെറുമാവിലായിൽ രഹസ്യമായി പാർട്ടി സെൽ രൂപീകരിച്ചു. പുറമേ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയും അകത്ത് കമ്യൂണിസവുമായിരുന്നു. രാവും പകലും മലബാർ സ്പെഷൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ചെറമാവിലായി, പെരളശ്ശേരി, പാറപ്രം പ്രദേശങ്ങൾ.

കൃഷ്ണപ്പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ ഒളിവിൽ കഴിയാൻ എത്തിയിരുന്നു. അവർ പൊലീസിന്റെ ദൃഷ്ടിയിൽ പെടാതിരിക്കാൻ വി.കെ. രാഘവൻ , കല്ലേരി ശങ്കരൻ എന്നീ യുവാക്കൾ നിരീക്ഷണ വലയം ഒരുക്കി നിൽക്കും. എന്തെങ്കിലും അപകട സൂചന ലഭിച്ചാൽ യഥാസമയം നേതാക്കൾക്ക് വിവരം എത്തിക്കും. അതോടെ കൂടുതൽ ഉൾപ്രദേശങ്ങളിൽ ഒളിയിടങ്ങൾ തേടും. അതാണ് അക്കാലത്തെ പ്രവർത്തന രീതിയെന്ന് ചെറുമാവിലായി ബ്രാഞ്ച് കമ്മിറ്റി അംഗം ദാസൻ പെരളശ്ശേരി പറയുന്നു.

പൊലീസിന്റെ ശ്രദ്ധ തിരിച്ചു വിടാൻ ചില പൊടിക്കൈ പ്രയോഗങ്ങളും പാർട്ടിക്കാർ നടത്തും. കൂട്ടം കൂടി പതാക ഉയർത്തി ശ്രദ്ധ തിരിച്ച് നേതാക്കളെ പൊലീസ് പിടിയിലാവാതിരിക്കാനുള്ള തന്ത്രവും ഒരുക്കും. എന്നാൽ അതോടെ പൊലീസ് പാർട്ടിയുമായി ബന്ധമുള്ളവരുടെ വീടുകൾ കയറി വാതിലുകളും പാത്രങ്ങളും തല്ലി തകർക്കും. ഇത് അരങ്ങേറിയത് ബ്രിട്ടീഷ് ഭരണകാലത്തായിരുന്നു. 1948 ൽ സ്വതന്ത്ര ഇന്ത്യയിലെ പൊലീസും പാർട്ടിക്കാരെ വേട്ടയാടിയിരുന്നു.

അക്കാലത്ത് ഇനി നൂറ് വർഷത്തേക്ക് ചെറുമാവിലായിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവില്ലെന്ന് പ്രഖ്യാപിച്ച എം. എസ്‌പി. മേധാവിയെ എതിരേറ്റത് നൂറ് കേന്ദ്രങ്ങളിൽ പാർട്ടി പതാക ഉയർത്തിയാണെന്ന് ദാസൻ പറയുന്നു. 1940 ൽ ഒരു ബ്രാഞ്ച് കമ്മിററിയായിരുന്നു ചെറുമാവിലായിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ഇന്ന് സിപിഎം. അഞ്ച് ബ്രാഞ്ച് കമ്മിറ്റിയായി ഉയർത്തപ്പെട്ടു. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി സ്വാധീനം കൊണ്ട് ' മോസ്‌ക്കോ ' എന്ന വിളിപ്പേര് സമ്പാദിച്ചിരുന്നു ഈ ഗ്രാമം.

ഇന്ന് ചെറുമാവിലായി ഉൾപ്പെടുന്ന പെരളശ്ശേരി പഞ്ചായത്തിലെ 18 വാർഡുകളിൽ 17 ലും കമ്യൂണിസ്റ്റ്കാരാണ് പ്രതിനിധാനം ചെയ്യുന്നത്. അക്ഷരാർത്ഥത്തിൽ ചെറുമാവിലായി ഗ്രാമം സിപിഎം. ന്റെ ചെങ്കോട്ടയായി നിലനിൽക്കുന്നു.