കോട്ടയം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമാവകാശവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കറിന് ഇന്ന് നിർണ്ണായക ദിനം. സ്ഥലത്തിന്റെ അവകാശം ഉറപ്പിക്കാൻ സംസ്ഥാന സർക്കാർ നൽകിയ കേസിൽ പാലാ സബ്‌കോടതി ഇന്ന് വിധി പറയും.പൊതുതാൽപ്പര്യ വിഷയമെന്ന് ചബണ്ടിക്കാട്ടി 31 ഹർജ്ജികളിലായി 100ഓളം പേരാണ് രംഗത്ത് വന്നത്.

പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സംസ്ഥാനം വകയാണെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. മുൻ പാട്ടക്കാരനായിരുന്ന ഹാരിസണിൽനിന്ന് ഇപ്പോഴത്തെ കൈവശക്കാരൻ ബിലീവേഴ്‌സ് ചർച്ച് വിലയ്ക്കുവാങ്ങിയെന്ന് പറയുന്ന ഭൂമിയാണിത്. ഈ ഇടപാട് നിയമവിരുദ്ധമാണെന്നും പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാരിലേക്ക് മടങ്ങിവരേണ്ടതാണെന്നുമാണ് സർക്കാർ വാദിക്കുന്നത്.

അതേസമയം എല്ലാ രേഖകളുംസഹിതം വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ അവകാശമുണ്ടെന്നാണ് ബിലീവേഴ്‌സ് ചർച്ച് അറിയിച്ചത്. എങ്കിലും മറ്റുള്ളവരെ കക്ഷിചേർക്കുന്ന വിഷയത്തിൽ സർക്കാരും ചർച്ചും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.നിർദിഷ്ട ശബരിമല വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാനസർക്കാർ തിരഞ്ഞെടുത്ത ഇടമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതടക്കം മുമ്പ് ഹാരിസൺവശം ഇരുന്ന എല്ലാ പാട്ടഭൂമികളും സർക്കാരിേന്റതാണെന്നുകാണിച്ച് മുമ്പ് ഏറ്റെടുത്തിരുന്നു.

ഹൈക്കോടതിയും സുപ്രീംകോടതിയും ഏറ്റെടുക്കൽ നടപടി റദ്ദാക്കുകയും സിവിൽ കേസ് വഴി നിയമനടപടി തുടരാമെന്ന് വിധിക്കുകയും ചെയ്തു. തുടർന്നാണ് സംസ്ഥാനസർക്കാരിനുവേണ്ടി കോട്ടയം കളക്ടർ പാലാ സബ്‌കോടതിയിൽ ഹർജി സമർപ്പിച്ചത്.കേസിൽ കക്ഷിചേരാൻ നൽകിയ 31 അപേക്ഷയിൽ കോടതി തീർപ്പ് പറയും. ഇതിൽ തീർപ്പ് പറഞ്ഞതിനുശേഷമേ അവകാശവിഷയത്തിലേക്ക് കോടതിക്ക് കടക്കാനാകൂ.