കോട്ടയം: നിർദിഷ്ട വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ അവകാശം ഉറപ്പിക്കാനുള്ള കേസ് പൊതുതാൽപ്പര്യ വിഷയല്ലെന്ന ഏകാഭിപ്രായത്തിൽ സർക്കാറും ട്രസ്റ്റും. കേസിൽ പങ്കുചേരാൻ പുറത്തുള്ളവർക്ക് അവകാശമില്ലെന്ന് സർക്കാർ അഭിപ്രായം അറിയച്ചതിന് പിന്നാലെയാണ് സമാന നിലപാടുമായി കൈവശക്കാരായ ബിലീവേഴ്‌സ് ചർച്ചിന്റെ ട്രസ്റ്റും രംഗത്ത് വന്നത്.പാലാ സബ്ബ് കോടതിയിലെ കേസിലാണ് ഈ നിലപാട് അറിയിച്ചത്.

കേസിൽ കക്ഷി ചേരാൻ 31 പേരാണ് കോടതിയിൽ അപേക്ഷിച്ചത്. ഇതിനെ സർക്കാരും ട്രസ്റ്റും എതിർത്തു. വിഷയത്തിൽ നിലപാട് എഴുതി സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ബിലീവേഴ്‌സ് ചർച്ച് വക ട്രസ്റ്റ് എതിർപ്പ് രേഖയായി സമർപ്പിച്ചു. ഇത് സ്വന്തം ഭൂമിയാണെന്നും വേറെ ആർക്കും അവകാശം പറയാനോ അഭിപ്രായം പറയാനോ കഴിയില്ലെന്നും അവർ ബോധിപ്പിച്ചു.

ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാന സർക്കാർ ഭൂമിയാണെന്നും ഉടമാവകാശം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും സർക്കാർ പറയുന്നു. ഇത് പൊതുതാത്പര്യ വിഷയമല്ല. മറ്റുള്ളവരെ കക്ഷി ചേർക്കേണ്ടതില്ല. ബിലീവേഴ്‌സ് ചർച്ചിന്റെ ട്രസ്റ്റിനെ ആശ്രയിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിലേ കക്ഷി ചേരാൻ കഴിയൂ. ഈ 31 പേർ അതിൽ വരില്ലെന്നാണ് സർക്കാർ അഭിപ്രായം. ഇതും എഴുതി നൽകി. കേസ് ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും.