ന്യൂഡൽഹി: വാദത്തിനിടെ ബെഞ്ചിനെ യുവർ ഓണർ എന്ന് അഭിസംബോധന ചെയ്ത അഭിഭാഷകനെ തിരുത്തി സുപ്രീം കോടതി. ''യുവർ ഓണർ എന്ന് അഭിസംബോധന ചെയ്യണമെങ്കിൽ ഒന്നുകിൽ നിങ്ങൾ യുഎസ് സുപ്രീം കോടതിയിൽ ആയിരിക്കണം, അല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ. ഇവിടെ അങ്ങനെയല്ല'' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

''നിങ്ങൾ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നതു ഞങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ തെറ്റായ പദങ്ങൾ വേണ്ട'' ചീഫ് ജസ്റ്റിസ് പറഞ്ഞു.ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ്, കീഴ്ക്കോടതികളിലെ ഒഴിവുകൾ നികത്തുന്നതു സംബന്ധിച്ച ഹർജിയിൽ സ്വയം ഹാജരായ നിയമ വിദ്യാർത്ഥിയെ തിരുത്തിയത്.

ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ച് നിയമത്തിൽ പ്രത്യേക നിർദേശമൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയിൽ കീഴ്‌വഴക്കങ്ങളുണ്ട് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഉടൻ തന്നെ ഖേദം രേഖപ്പെടുത്തിയ അഭിഭാഷകൻ മൈ ലോർഡ് എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു.