മുംബൈ: മുംബൈയിൽ ക്രൂര ബലാത്സംഗത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ വിചാരണ അതിവേഗമാകും.കുറ്റപത്രം ഒരുമാസത്തിനുള്ളിൽ സമർപ്പിക്കാനാണ് പൊലീസ് തീരുമാനം. കേസ് അതിവേഗം പൂർത്തിയാക്കി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി.പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ബിജെപിയും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും ആവശ്യപ്പെട്ടു.

ഡൽഹിയിലെ പീഡനത്തിന് സമാനമായി അതിക്രൂരമായാണ് മുംബൈ അന്ധേരയിൽ യുവതി പീഡനത്തിനിരയായത്.കഴിഞ്ഞ ദിവസം സാക്കിനാനയിൽ നിർത്തിയിട്ട ടെമ്പോയിൽ വച്ചാണ് 34കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റിയിരുന്നു. രക്തസ്രാവത്തെ തുടർന്നാണ് മരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിരുന്നു.

പുലർച്ചെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നുവെന്ന് വിവരം ലഭിച്ചത്. ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയെയായിരുന്നു.ഉടൻ തന്നെ പൊലീസ് യുവതിയെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. എങ്കിലും 36 മണിക്കൂറോളം മരണത്തോട് മല്ലിടിച്ച് ഇന്നലെ ഉച്ചയോടെ യുവതി മരണപ്പെടുകയായിരുന്നു.

സ്വകാര്യഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധംകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിയായ തെരുവ് കച്ചവടക്കാരൻ മോഹൻ ചൗഹാനെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുർലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൂട്ടുപ്രതികൾ ഇല്ല എന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട യുവതിക്ക് രണ്ടു പെൺമക്കളും മകനുമുണ്ട്. സംഭവത്തിനെതിരെ മുംബൈയുടെ നിർഭയ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്.