തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നൽകുന്ന വ്യക്തിക്ക് ഇൻസന്റീവ് നൽകുന്ന പദ്ധതിക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നൽകിയതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം നൽകുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇൻസന്റീവ് നൽകുന്നത്. ബാലവേല നിയമപരമായി നിരോധിക്കുകയും അത് ക്രിമിനൽ കുറ്റമാക്കുകയും ചെയ്തിട്ടുണ്ട്. ബാലവേല കേരളത്തിൽ കുറവാണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളോടൊപ്പവും ഇടനിലക്കാർ വഴിയും കുട്ടികളെ കേരളത്തിൽ ജോലി ചെയ്യിപ്പിക്കുന്നതിനായി കൊണ്ടുവരുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ ഇത് തടയുന്നതിന് സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ചൈൽഡ് ആൻഡ് അഡോളസെന്റ് ലേബർ (പ്രൊഹിബിഷൻ ആൻഡ് റെഗുലേഷൻ) നിയമപ്രകാരം 14 വയസ് പൂർത്തിയാകാത്ത കുട്ടികളെ ജോലിയിൽ ഏർപ്പെടുത്താൻ പാടില്ല. 14 വയസ് കഴിഞ്ഞതും 18 വയസ് പൂർത്തിയാകാത്തതുമായ കുട്ടികളെ അപകടകരമായ ജോലികളിൽ ഏർപ്പെടുത്താൻ പാടില്ലായെന്നും നിയമത്തിൽ പരാമർശിക്കുന്നു. പല കാരണങ്ങൾ കൊണ്ട് കുട്ടികൾ ജോലി ചെയ്യേണ്ടി വരുമ്പോൾ അവരുടെ മാനസികവും ശാരീരികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്നു. കോവിഡ് കാലത്ത് പല സ്ഥലങ്ങളിലും ബാലവേല റിപ്പോർട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു. അതിനാലാണ് ബാലവേല തടയാൻ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്താൻ ഈ പദ്ധതി ആരംഭിക്കുന്നത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസർ അല്ലെങ്കിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങൾ അറിയിക്കേണ്ടത്. ഇവരുടെ ഫോൺ നമ്പരുകൾ http://wcd.kerala.gov.in/offices_icps.php എന്ന ലിങ്കിൽ നൽകിയിട്ടുണ്ട്. വ്യക്തികൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥൻ, തൊഴിൽ, പൊലീസ്, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവരുടെ സഹകരണത്തോടെ ബാലവേല തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. അർഹരായവർക്ക് രഹസ്യ സ്വഭാവത്തോടെ പാരിതോഷിക തുക നൽകുന്നതാണ്.