കോഴിക്കോട്: വാളയാർ, ബാലുശ്ശേരി സംഭവങ്ങളിൽ ഇടപെടാൻ വൈകി എന്ന ആരോപണങ്ങൾ തള്ളി ബാലാവകാശ കമ്മീഷൻ. രണ്ട് സംഭവങ്ങളിലും ഇടപെടാൻ വൈകിയിട്ടില്ലെന്ന് കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ അറിയിച്ചു. ബാലുശ്ശേരി സംഭവത്തിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പീഡനത്തിനിരയായ നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരിയെ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്മീഷൻ സന്ദർശിച്ചു. കുട്ടിയുടെ ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്നും വിദഗ്ധ ചികിത്സയ്ക്കായുള്ള സംവിധാനങ്ങളെല്ലാം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെന്നും കമ്മീഷൻ ചെയർമാൻ പറഞ്ഞു.

തിങ്കളാഴ്ച കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും മനോജ് കുമാർ അറിയിച്ചു.സംഭവത്തെ കുറിച്ച് ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസിനോടും പൊലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം കേസിൽ പ്രതിയായ അയൽവാസി ഉണ്ണിക്കുളം നെല്ലിപ്പറമ്പിൽ രതീഷ് പടിക്കെട്ടിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ പടിക്കെട്ടിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.

വാളയാർ, ബാലുശ്ശേരി വിഷയങ്ങൾ വിവാദമായി വന്നത് ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇഡി റെയ്ഡിന് എത്തിയപ്പോൾ ബാലാവകാശ കമ്മീഷൻ നടത്തിയ ഇടപടെലിനെ തുടർന്നായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വിശദീകരണവുമായി കെ വി മനോജ്കുമാർ രംഗത്തെത്തിയത്.