ബീജിങ്: മുതിർന്ന ചൈനീസ് ശാസ്ത്രജ്ഞനും ചൈനയുടെ ആണവായുധ പദ്ധതികളുടെ കേന്ദ്രവുമായിരുന്ന ഴാങ് ഴിജിയാൻ ദുരൂഹസാഹചര്യത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് മരണമടഞ്ഞു. ചൈനീസ് ന്യൂക്‌ളിയർ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്നു ഴാങ്. സ്ഥലത്തെ സാഹചര്യ തെളിവുകൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ കൊലപാതക സാദ്ധ്യതകളെ തള്ളിക്കളഞ്ഞു.

ഹാർബിൻ എൻജിനീയറിങ് സർവകലാശാലയിൽ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഴാങിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സർവകലാശാല പത്രകുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. സർവകലാശാലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായിരുന്നു ഴാങിന്റെ മരണത്തിന് രണ്ട് ദിവസം മുമ്പ് സർവകലാശാലയിലെ മുൻ ഡീൻ യിൻ ജിങ്വേയെ പുതിയ വൈസ് പ്രസിഡന്റ് ആയി സർവകലാശാല നിയമിച്ചിരുന്നു.

ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി വളരെ അടുത്ത ബന്ധങ്ങളുള്ള ചൈനയിലെ വളരെ ചുരുക്കം ചില സർവകലാശാലകളിലൊന്നാണ് ഹാർബിൻ സർവകലാശാല. അമേരിക്കയിൽ നിർമ്മിച്ച കമ്പ്യൂട്ടർ പ്‌ളാറ്റഫോമുകൾ പോലും ഉപയോഗിക്കാൻ വിലക്കുള്ള ഇവിടെ നടന്ന മരണം വളരെ ഗൗരവം അർഹിക്കുന്നതാണ്.