ബെംഗളൂരു: ചൈനയിലെ ഹവാല റാക്കറ്റുമായി ബന്ധമുള്ള കള്ളപ്പണ സംഘം ബെംഗളൂരുവിൽ പിടിയിൽ. അറസ്റ്റിലായ ഒൻപതംഗ സംഘത്തിൽ ഒരാൾ മലയാളിയാണ്. നിക്ഷേപം സ്വീകരിക്കുന്ന ആപ്പുകൾ നിർമ്മിച്ചാണ് പണം തട്ടുന്നത്. ഇതൊരു വലിയ ഓൺലൈൻ തട്ടിപ്പ് സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി.

മലയാളിയായ അനസ് അഹമ്മദും സംഘവുമാണ് പിടിയിലായത്. സംഘത്തിൽ രണ്ട് പേർ ചൈനീസ് പൗരന്മാരും രണ്ട് പേർ ടിബറ്റ്കാരുമാണ്. ബുൾ ഫിൻടെക് ടെക്‌നോളജീസ് (Bull fintch technologies), എച്ച് ആൻഡ് എസ് വെഞ്ചേർസ് (h&s ventures), ക്ലിഫോർഡ് വെഞ്ചേർസ് (clifford ventures) എന്നീ പേരുകളിൽ കടലാസ് കമ്പനികൾ തുടങ്ങിയായിരുന്നു തട്ടിപ്പ്. ഇവയുടെ കീഴിൽ പവർ ബാങ്ക് പോലുള്ള ആപ്പുകൾ വഴി നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്.

ബെംഗളൂരു പൊലീസിന്റെ സിഐഡി സൈബർ ക്രൈം വിഭാഗമാണ് സംഘത്തെ കുറിച്ച് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. ഇവർക്ക് ചൈനയിലുള്ള ഹവാല സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം.