ബെയ്ജിങ്: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ചൈന നടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ചൈന ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും അവർക്ക് വ്യക്തമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയുടെ പക്കലുള്ള ഇത്തരം മിസൈലുകളെക്കാൾ പതിന്മടങ്ങ് ശേഷിയും കൃത്യതയും ഉള്ളതാണ് ചൈനയുടെ പക്കലുള്ളതെന്നാണ് റിപ്പോർട്ട്. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ചൈനീസ് സൈന്യം ഹൈപ്പർസോണിക് മിസൈൽ അടങ്ങുന്ന റോക്കറ്റ് വിക്ഷേപിച്ചുവെന്നും റോക്കറ്റ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പ് കടലിൽ വീണതായാണ് റിപ്പോർട്ടിൽ പറയുന്നത്.

മിസൈൽ ലക്ഷ്യസ്ഥാനം കണ്ടില്ലെങ്കിലും ചൈനയുടെ ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിൽ അമ്പരന്നിരിക്കുകയാണ് അമേരിക്കൻ ഇന്റലിജൻസ് എന്ന് എൻഎച്ച്‌കെ വേൾഡ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2019ൽ നടന്ന പരേഡിൽ ചൈന തങ്ങളുടെ പക്കലുള്ള ഡിഎഫ് - 17 അടക്കമുള്ള ഹൈപ്പർ സോണിക് മിസൈലുകളും ആയുധ ശേഖരങ്ങളും പ്രദർശിപ്പിച്ചിരുന്നു. ശബ്ദത്തേക്കാളും അഞ്ചിരട്ടി വേഗത്തിൽ അല്ലെങ്കിൽ മണിക്കൂറിൽ 6,200 കിലോമീറ്ററാണ് ഹൈപ്പർസോണിക് മിസൈലിന്റെ വേഗം. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കലാകും വലിയ വെല്ലുവിളി.

യുഎസും റഷ്യയും ചേർന്ന് ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഉത്തരകൊറിയ പുതുതായി വികസിപ്പിച്ച ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്തി എന്ന് അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം ചൈന ഒടുവിൽ നടത്തിയത്. വിവരം അമേരിക്കയുടെ രസഹ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും വ്യക്തമായിരുന്നില്ല. .എന്നാലിപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തായിരിക്കുകയാണ്.

അമേരിക്കയിലെ ലക്ഷ്യസ്ഥാനങ്ങൾ വരെ ഈ മിസൈലുകൾ ഉപയോഗിച്ച് തകർക്കാൻ കഴിയും. ശബ്ദത്തിന്റെ അഞ്ച് മടങ്ങാണ് വേഗത. ആണവായുധങ്ങൾ വഹിക്കാനും കഴിയും.ഹൈപ്പർസോണിക് ആയുധങ്ങളുടെ കാര്യത്തിൽ ചൈന കൈവരിച്ച അതിശയിപ്പിക്കുന്ന പുരോഗതി അമേരിക്കയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറത്താണ് ചൈന നേടിയ പുരോഗതി എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി അവർ സമ്മതിക്കുകയും ചെയ്തു. ചൈനയുടെ സൈനിക ശേഷികളെക്കുറിച്ചും മേഖലയിലും പുറത്തും പിരിമുറുക്കം വർദ്ധിപ്പിക്കുന്ന ഹൈപ്പർസോണിക് രംഗത്തുള്ള കഴിവുകളെക്കുറിച്ചും ഞങ്ങൾക്ക് ആശങ്കയുണ്ട് എന്നാണ് അമേരിക്കയുടെ പ്രതിരോധ വകുപ്പ് പ്രസ് സെക്രട്ടറി ജോൺ കിർബി പറയുന്നത്.

ഹൈപ്പർസോണിക് സാങ്കേതിക വിദ്യയിൽ ചൈന കൈവരിക്കുന്ന നേട്ടങ്ങൾ ഇന്ത്യയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ചും പാക്കിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും ചൈന കൈകോർത്തിരിക്കുന്ന അവസരത്തിൽ. ഇത് മുന്നിൽ കണ്ട് ശക്തമായ കരുനീക്കങ്ങളാണ് ഇന്ത്യയും നടത്തുന്നത്. മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളെ ഇന്ത്യ ചെറുത്ത് തോൽപ്പിച്ചിരുന്നു.

അതിർത്തിക്ക് തൊട്ടടുത്ത് കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ചൈന വിന്യസിച്ചപ്പോൾ അതേ നാണയത്തിൽ തന്നെ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു.അതിർത്തി കടന്ന് ഇന്ത്യ പാക്കിസ്ഥാന നൽകിയ സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ച് ചൈനയ്ക്ക് നന്നായി ബോദ്ധ്യമുണ്ട്. ഗൽവാനിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം ധീരമായി നേരിട്ടിരുന്നു.

സംഘർഷത്തിൽ നിരവധി ചൈനീസ് സൈനികർക്കാണ് ജീവഹാനി ഉണ്ടായത്. എത്ര സൈനികർക്ക് ജീവൻ നഷ്ടമായി എന്നുപറയാൻ ഇപ്പോഴും ചൈന തയ്യാറായിട്ടില്ല. ഗൽവാനിലെ തിരിച്ചടി ചൈനയ്ക്ക് ആഗോളതലത്തിൽ തന്നെ വലിയ നാണക്കേട് സൃഷ്ടിച്ചിരുന്നു. അതിനുശേഷം അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചപ്പോഴും ചൈനയ്ക്ക് തന്നെയായിരുന്നു തിരിച്ചടി.