ബെയ്ജിങ്: ബ്രിട്ടനെ വെല്ലുവിളിക്കുന്ന നയവുമായി ചൈന. ബ്രിട്ടിഷ് നാഷനൽ ഓവർസീസ് (ബിഎൻഒ) പാസ്‌പോർട്ട് യാത്രരേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്നാണു ചൈനയുടെ നിലപാട്.ഹോങ്കോങ്ങിൽ പിടിമുറുക്കിയാണ് ചൈന ബ്രിട്ടനെ വെല്ലുവിളിച്ചിരിക്കുന്നത്. ഹോങ്കോങ് നിവാസികൾക്ക് അഞ്ച് വർഷത്തേക്ക് യുകെയിൽ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ബിഎൻഒ പാസ്‌പോർട്ട്. തുടർന്ന് ഇവർക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
പുതിയ കുടിയേറ്റ നയങ്ങളുടെ ഭാഗമായാണു തീരുമാനമെന്നു ചൈന അറിയിച്ചു.

ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കാനുള്ള ചൈനയുടെ നീക്കത്തെ പ്രതിരോധിക്കാനാണ് ബ്രിട്ടൻ പുതിയ ഇമിഗ്രേഷൻ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ചൈനയുടെ പുതിയ നിലപാടോടെ ബിഎൻഒ പാസ്പോർട്ട് ഉള്ളവർക്കു വലിയ തിരിച്ചടിയാകും. വലിയ പ്രക്ഷോഭത്തിനു കാരണമായ ദേശീയ സുരക്ഷാ നിയമം ചൈന ഹോങ്കോങ്ങിൽ നടപ്പാക്കിയതിന്റെ തുടർച്ചയാണു തീരുമാനമെന്നാണു നിഗമനം. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.ഞായറാഴ്ച മുതൽ ബിഎൻഒ പാസ്‌പോർട്ടുള്ളവർക്കും അവരുടെ ആശ്രിതർക്കും യുകെയിൽ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള വീസയ്ക്കായി ഓൺലൈനിൽ അപേക്ഷിക്കാം.

ചൈനീസ് വൻകരയുടെ തെക്കുകിഴക്കെ തീരത്തു കിടക്കുന്ന ഹോങ്കോങ് ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളനിയായിരുന്നു. 1997 ജൂലൈ ഒന്നിനു ബ്രിട്ടനിൽനിന്നു ചൈനയ്ക്കു ഹോങ്കോങ് തിരിച്ചുകിട്ടുമ്പോൾ, ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകൾ 50 വർഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ഇരുരാജ്യങ്ങളുടെയും കരാർ.

ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്ന ആക്ഷേപത്തിനു പിന്നാലെയാണു ബിഎൻഒ പാസ്‌പോർട്ടിനെതിരായ നടപടി. ദേശീയ സുരക്ഷാനിയമം നടപ്പാക്കിയതിനു പിന്നാലെ ബിഎൻഒ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ഹോങ്കോങ്ങിന്റെ കാര്യങ്ങളിൽ ബ്രിട്ടനും മറ്റു രാജ്യങ്ങളും ഇടപെടരുതെന്ന ശക്തമായ സന്ദേശമാണു ചൈന നൽകുന്നതെന്നു ഹോങ്കോങ് സെന്റർ ഫോർ ചൈന സ്റ്റഡീസ് വിദഗ്ധൻ വില്ലി ലാം ചൂണ്ടിക്കാട്ടി.