ബെയ്ജിങ് : ബ്രിട്ടനിലെ ചൈനീസ് അംബാസഡറുടെ ട്വിറ്റർ അക്കൗണ്ടിൽ അശ്ലീല വീഡിയോകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ചൈന. ലണ്ടനിലെ ചൈനീസ് അംബാസഡർ ലിയു സിയോമിങിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ബുധനാഴ്ച ഒരുമണിക്കൂറിലേറെ അശ്ലീലദൃശ്യങ്ങൾ തുടർന്നത്. വീഡിയോ ബുധനാഴ്ച ലിയു സിയോമിംഗിന്റെ അക്കൗണ്ടിലെ "ലൈക്ക്" വിഭാഗത്തിൽ ഒരു മണിക്കൂറിലധികം ദൃശ്യമായിരുന്നു.

അംബാസഡറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും എംബസി വെബ്‌സൈറ്റിലൂടെ അറിയിച്ചു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്താനും, പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും ചൈനീസ് എംബസി, ട്വിറ്റർ കമ്പനിയോട് ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട് നീക്കം ചെയ്യുന്നതിനിടെ നിരവധി കമന്റുകളും പ്രതികരണങ്ങളുമാണ് നിറഞ്ഞത്. സംഭവത്തിൽ ചൈന കടുത്ത രോഷത്തിലാണ്. ചില ചൈന വിരുദ്ധ ഘടകങ്ങൾ അംബാസഡർ ലിയു സിയോമിങിന്റെ ട്വിറ്റർ അക്കൗണ്ടിനെ ആക്രമിക്കുകയും പൊതുജനങ്ങളെ കബളിപ്പിക്കാൻ നിന്ദ്യമായ മാർഗ്ഗങ്ങൾ പ്രയോഗിക്കുകയും ചെയ്തുവെന്നും എംബസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ചൈനയിലെ ഏറ്റവുമധികം സംസാരിക്കുന്ന നയതന്ത്രജ്ഞരിൽ ഒരാളായി ലിയു അറിയപ്പെടുന്നു. മാധ്യമ അഭിമുഖങ്ങളിലും ഓൺ‌ലൈനിലും തന്റെ സർക്കാരിനെ പ്രതിരോധിക്കാൻ അവഹേളനപരമായ സമീപനം ഉപയോഗിക്കുന്നയാളാണ് ലിയു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ചൈനയിൽ ട്വിറ്ററും അശ്ലീലസാഹിത്യവും ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും, ചൈനയുടെ നയതന്ത്ര ഉദ്യോഗസ്ഥരും സർക്കാർ മാധ്യമങ്ങൾക്കായുള്ള പത്രപ്രവർത്തകരും അടുത്ത കാലത്തായി ട്വിറ്റർ അക്കൗണ്ടുകൾ ആരംഭിക്കുകയും സർക്കാരിനെ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.