ബെയ്ജിങ്: ചൈനയിലെ കൗമാരക്കാരിൽ മാർക്‌സിസ്റ്റ് വിശ്വാസത്തിന്റെ അടിത്തറ പാകാൻ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ രാഷ്ട്രീയചിന്ത സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ചൈനീസ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രൈമറിതലം തൊട്ട് സർവകലാശാല തലം വരെ ഷിയുടെ ചിന്തകൾ പഠിപ്പിക്കാനാണ് തീരുമാനം. വിദ്യാർത്ഥികളിൽ മാർക്‌സിസ്റ്റ് അവബോധം വളർത്താൻ ഇത് സഹായകമാകുമെന്നാണ് കരുതുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഷിയുടെ ലേഖനങ്ങളിൽനിന്നും പ്രസംഗങ്ങളിൽനിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ഷി ജിൻപിങ് ചിന്ത എന്നറിയപ്പെടുന്നത്. 2017ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 19ാം നാഷനൽ കോൺഗ്രസിലാണ് ഇതിനെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്.

2018ൽ ഷിയുടെ ചിന്തകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. ഷി ചിന്തയെക്കുറിച്ച് പഠിക്കാൻ 20 സർവകലാശാലകൾ ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.