ബീജിങ്: ഭൂമിക്ക് ഭീഷണിയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹത്തെ ബോംബിട്ട് ദിശമാറ്റാൻ ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർ. ചൈനയുടെ ബഹിരാകാശ ഏജൻസിയായ നാഷണൽ സ്പേസ് സയൻസ് സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം പുറത്തിറക്കിയിരിക്കുന്നത്. ഏതാണ്ട് 492 മീറ്റർ വിസ്തീർണമുള്ള ബെന്നു വാൽനക്ഷത്രത്തെയാണ് സ്ഫോടനങ്ങളിലൂടെ ദിശമാറ്റാനുള്ള പദ്ധതി ചൈനീസ് ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്.

ആണവബോംബുകൾ ഉപയോഗിച്ച് ബെന്നുവിനെ തകർക്കാനുള്ള സാധ്യതയാണ് ആദ്യം ഗവേഷകർ കണക്കിലെടുത്തത്. എന്നാൽ, ഇത് അപകട സാധ്യത വർധിപ്പിക്കാനും ഇടയുണ്ട്. ബെന്നുവിനെ അണുബോംബിട്ട് തകർത്താൽ അതിന്റെ ഭാഗങ്ങൾ ഭൂമിയിൽ പതിക്കാനും നാശനഷ്ടങ്ങൾ വരുത്താനുമുള്ള സാധ്യത വർധിക്കും. ഇതിനേക്കാൾ നല്ല മാർഗം സ്ഫോടനങ്ങൾ വഴി ബെന്നു വാൽനക്ഷത്രത്തിന്റെ ഗതി മാറ്റുകയാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തുകയായിരുന്നു.

ഭാവിയിൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നതുകൊണ്ടുതന്നെ ബെന്നു വാൽനക്ഷത്രത്തെക്കുറിച്ചുള്ള പഠനങ്ങൾ വളരെ നിർണായകമാണ്. ആദ്യമായി ഒരു മനുഷ്യ നിർമ്മിത പേടകം ഇറങ്ങിയ വാൽനക്ഷത്രമാണ് ബെന്നു. 2016ൽ വിക്ഷേപിച്ച നാസയുടെ ഒസിരിസ് റെക്സ് പേടകം 2020 ഒക്ടോബർ 20നാണ് ബെന്നുവിൽ ഇറങ്ങിയത്. ബെന്നുവിൽ നിന്നും ശേഖരിച്ച സാംപിളുമായി 2023 സെപ്റ്റംബറിൽ നാസയുടെ ഒസിരിസ് റെക്സ് ഭൂമിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2175നും 2199നും ഇടക്കുള്ള സമയത്ത് ഭൂമിയിൽ നിന്നും ഏതാണ്ട് 75 ലക്ഷം കിലോമീറ്റർ അകലത്തിലൂടെ ബെന്നു കടന്നുപോവുമെന്നാണ് കരുതപ്പെടുന്നത്. ഈ സമയത്ത് ഭൂമിയുമായി ബെന്നു കൂട്ടിയിടിക്കാൻ 2700ൽ ഒരു സാധ്യതയാണ് കൽപിക്കപ്പെടുന്നത്. അങ്ങനെയൊരു കൂട്ടിയിടിയുണ്ടായാൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് അത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.

ഏതാണ്ട് 23900 ടൺ ശേഷിയുള്ള സ്ഫോടനം നടത്തുന്നതിലൂടെ ബെന്നുവിന്റെ സഞ്ചാരപഥം തന്നെ മാറ്റാമെന്നാണ് ചൈനീസ് ഗവേഷകർ അവകാശപ്പെടുന്നത്. ചൈനയുടെ ലോങ് മാർച്ച് 5 റോക്കറ്റ് ഈ ദൗത്യത്തിന് പര്യാപ്തമാണെന്നും ഇവർ പറയുന്നു. നിലവിലെ ഭ്രമണപഥത്തിൽ നിന്നും 9000 കിലോമീറ്റർ ദൂരത്തിലേക്ക് ചൈനീസ് ഇടപെടൽ മൂലം ബെന്നു വാൽനക്ഷത്രം മാറുമെന്നും പഠനം പറയുന്നു.

ഭൂമിയിൽ നിന്നും പുറപ്പെട്ടാൽ ഏതാണ്ട് മൂന്ന് വർഷമെടുത്താണ് ബെന്നുവിലേക്ക് എത്താനാവുക. ലോങ്മാർച്ച് അഞ്ച് റോക്കറ്റിൽ നേരിയ മാറ്റങ്ങൾ വരുത്തിയാൽ ബെന്നുവിലേക്കെത്താൻ സാധിക്കുമെന്നും ചൈനീസ് ഗവേഷകർ അവകാശപ്പെടുന്നുണ്ട്. പത്തു വർഷമാണ് ഈ ദൗത്യം യാഥാർഥ്യമാക്കാൻ വേണ്ടി വരികയെന്നും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർ പറയുന്നു