ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് പാലിച്ച് മൂന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനികളെ സൂചികയിൽ നിന്ന് നീക്കം ചെയ്യാനുള്ള പദ്ധതികളുമായി ഇനി മുന്നോട്ട് പോകില്ലെന്ന് ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻവൈഎസ്ഇ) പ്രഖ്യാപിച്ചു.

റെഗുലേറ്റർമാരുമായി കൂടുതൽ കൂടിയാലോചിച്ച ശേഷം മുൻ തീരുമാനം മാറ്റിയതായി എക്സ്ചേഞ്ച് തിങ്കളാഴ്ച അവരുടെ വെബ്സൈറ്റിൽ അറിയിച്ചു.

നവംബറിൽ പുറത്തിറക്കിയ ട്രംപിന്റെ ഉത്തരവ് പ്രകാരം സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ടെലികോം കോർപ്പ് ലിമിറ്റഡ്, ചൈന മൊബൈൽ ലിമിറ്റഡ്, ചൈന യൂണികോം ഹോങ്കോംഗ് ലിമിറ്റഡ് എന്നിവ നീക്കം ചെയ്തതായി എൻവൈഎസ്ഇ അറിയിച്ചിരുന്നു. ചൈനീസ് സൈന്യവുമായി ബന്ധമുള്ള കമ്പനികളാണ് ഇവയെന്നായിരുന്നു ട്രംപിന്റെ ആരോപണം.

തങ്ങളുടെ കമ്പനികളെ സംരക്ഷിക്കാൻ ബീജിങ് ''ആവശ്യമായ നടപടികൾ' സ്വീകരിക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

മൂന്ന് കമ്പനികളിലെയും ഓഹരികൾ തിങ്കളാഴ്ച ഹോങ്കോങ്ങിന്റെ ബെഞ്ച്മാർക്ക് ഹാംഗ് സെങ് സൂചികയിൽ 5 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.