തിരുവനന്തപുരം: കേരള പൊലീസിന്റെ വാടക ഹെലികോപ്റ്റർ കരാർ ചിപ്‌സൺ ഏവിയേഷന്. പ്രതിമാസം 20 മണിക്കൂർ പറക്കാൻ കമ്പനി ക്വാട്ട് ചെയ്തത് 80 ലക്ഷം രൂപ. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. മൂന്ന് വർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകയ്ക്കു എടുക്കുന്നത്.

പ്രതിമാസം എൺപത് ലക്ഷം രൂപയ്ക്കാണ് കരാർ. ഈ തുകയ്ക്ക് 20 മണിക്കൂർ ആണ് ഹെലികോപ്റ്റർ ഉപയോഗിക്കാവുക. 20 മണിക്കൂറിന് ശേഷം അധികമായി പറക്കുന്ന ഓരോ മണിക്കൂറിന് 90,000 രൂപ അധികമായി നൽകുകയും വേണം.ടെൻഡർ നടപടികളിലൂടെയാണ് ഇത്തവണ പൊലീസിനായി ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്.

ചിപ്‌സൺ ഏവിയേഷൻ, ഒഎസ്എസ് എയർ മാനേജ്‌മെന്റ്, ഹെലിവേ ചാട്ടേഴ്‌സ് എന്നീ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കായി സേവനം നൽകുന്ന കമ്പനികളാണിത്. പൊലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്‌മെന്റ് അഡീ.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് വിലയിരുത്തിയത്.

മൂന്ന് കമ്പനികളിൽ നിന്നാണ് ചിപ്സൺ ഏവിയേഷനെ സർവീസിനായി കേരള പൊലീസ് തെരഞ്ഞെടുത്തത്. ആറ് സീറ്റുള്ള ഹെലികോപ്ടർ ആയിരിക്കും കേരളത്തിനായി ചിപ്സൺ നൽകുക.പൊലീസിന്റെ അടിയന്തരാവശ്യങ്ങൾ നേരിടാൻ എന്ന വ്യക്തമാക്കിയാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. തുടർനടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പവൻഹാൻസ് കമ്പനിയിൽനിന്ന് ടെൻഡറില്ലാതെ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വർഷത്തേക്ക് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക.

ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടി പ്രതിമാസ വാടക നൽകി വാടകയ്‌ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കോവിഡിനെ തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് ഒക്ടോബർ മാസത്തിലാണ് നടപടികൾ ആരംഭിച്ചത്.

ടെണ്ടർ ഇല്ലാതെയാണ് ഒന്നാം പിണറായി സർക്കാർ പവൻ ഹൻസെന്ന കമ്പനിക്ക് ഹെലികോപ്റ്റർ വാടക കരാർ നൽകിയത്. പ്രതിമാസം പറക്കാൻ ഒരു കോടി നാൽപത് ലക്ഷവും നികുതിയുമാണ് നൽകിയത്. ഒരു വർഷത്തെ കരാർ പ്രകാരം 22.21 കോടിയാണ് സർക്കാർ പവൻ ഹൻസിന് നൽകിയത്. പുതിയ കരാറോടെ പവൻ ഹൻസിന് ടെണ്ടർ ഇല്ലാതെ കരാർ നൽകിയതുവഴി സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചുവെന്ന് കൂടുതൽ വ്യക്തമാവുകയാണ്.

കോവിഡ് ഒന്നാം തരംഗം രൂപപ്പെട്ട 2020 ഏപ്രിലിലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടർ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നില്ല. മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും യാത്രകൾക്കും അവയവദാനത്തിനുമായി ചുരുക്കം ചില യാത്രകളൊഴിച്ചാൽ മറ്റൊന്നിനും ഹെലികോപ്റ്റർ ഉപയോഗിച്ചില്ല. പെട്ടിമുടി ദുരന്തം ഉണ്ടായപ്പോൾ മോശം കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഉപയോഗിച്ചില്ല. താഴ്ന്ന് പറക്കാനാകാത്തതിനാൽ മാവോയിസ്റ്റ് പരിശോധനയും നടന്നില്ല.

നിലവിലെ സാഹചര്യത്തിൽ പുതിയ ഹെലികോപ്ടർ എത്രത്തോളം ഉപയോഗപ്പെടുത്തും എന്നത് ആശങ്കയായി നിലനിൽക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂർത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് വിമർശകർ ഉയർത്തുന്നത്. ഹെലികോപ്ടർ വാടയക്ക് എടുക്കാനുള്ള തീരുമാനം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു.

ആദ്യ തവണ ഹെലികോപ്ടർ വാടയ്ക്ക് എടുക്കുന്നത് പരിഗണിച്ചപ്പോൾ 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്റർ നൽകാമെന്ന വാഗ്ദാനമാണ് നേരത്തെ ചിപ്സൻ ഏവിയേഷൻ മുന്നോട്ട് വെച്ചിരുന്നു. അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന ഒരു ഇരട്ട എഞ്ചിൻ ഹെലികോപ്റ്റർ പ്രതിമാസം 37 ലക്ഷം രൂപയ്ക്കും ആറ് പേർക്ക് യാത്ര ചെയ്യാവുന്ന സിംഗിൾ എഞ്ചിൻ ഹെലികോപ്റ്റർ 19 ലക്ഷം രൂപക്കും നൽകാമെന്നായിരുന്നു ചിപ്സൺ വാഗ്ദാനം ചെയ്തത്. 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂർ നൽകാമെന്നും ചിപ്സൺ ഏവിയേഷൻ ഉറപ്പുനൽകിയിരുന്നു.