കൊല്ലം: ചിറക്കര ഗ്രാമപഞ്ചായത്തിൽ ആന്റിജൻ ആളുകളെ ടെസ്റ്റിന് കുത്തിനിറച്ച് എത്തിച്ച ആംബുലൻസ് ബിജെപി പ്രവർത്തകർ തടഞ്ഞു. ചിറക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ചിരുന്ന കോവിഡ് ആന്റിജൻ ടെസ്റ്റിന് വേണ്ടി രോഗികളെ എത്തിക്കുകയായിരുന്നു. പരമാവധി മൂന്നോ നാലോ പേർക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ആംബുലൻസിൽ കണ്ടെയ്ന്മെന്റ് സോണുകളിൽ നിന്നും ആളുകളെ കുത്തിനിറച്ച് എത്തിച്ചു എന്നാണ് ആരോപണം. എട്ടുപേരെവരെ ആംബുലൻസ് ആയ മാരുതി ഓമ്‌നിയിൽ ഒരെസമയം കൊണ്ടുവന്നതായി ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.

പലതവണ വിവരമറിയിച്ചിട്ടും പഞ്ചായത്ത് അധികൃതർ ഇടപെടാത്തതിനെ തുടർന്നാണ് ആംബുലൻസ് തടയേണ്ടി വന്നതെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സന്തോഷ് പറഞ്ഞു. ഓരോ തവണയും ആളുകളെ കൊണ്ടുവന്ന ശേഷം ആംബുലൻസ് സാനിട്ടെയ്‌സ് ചെയ്യാതെയാണ് അടുത്ത ട്രിപ്പ് പോകുന്നതെന്നും സന്തോഷ് ആരോപിച്ചു. ഇത് ചിറക്കരയിൽ രോഗവ്യാപനത്തിന് ആക്കം കൂട്ടും. ഇത്തരത്തിൽ അനാസ്ഥ കാണിച്ച പഞ്ചായത്ത് അധികൃതർക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലാദേവി രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അവർ പറഞ്ഞു. ഒറ്റ ട്രിപ്പിൽ ഒരു വീട്ടിലെ അംഗങ്ങളെ മാത്രമാണ് കൊണ്ടുവന്നിരുന്നത്. ഒരു തവണ വഴിയിൽ നിന്നും അടുത്തവീട്ടിലെ രണ്ടുപേർ കൂടി കയറിയെന്ന പരാതി ലഭിച്ചപ്പോൾ തന്നെ ഡ്രൈവറെ വിളിച്ച് വിലക്കിയതായും അവർ പറഞ്ഞു. ഓരോ ട്രിപ്പിന് ശേഷവും വാഹനം സാനിട്ടെയ്‌സ് ചെയ്ത ശേഷം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ എട്ട് പേർ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.