അടൂർ: ആരോഗ്യമന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കറും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാറും തമ്മിലുള്ള ശീതസമരം വീണ്ടും മറ നീക്കുന്നു. ജില്ലയ്ക്ക് അനുവദിച്ച രണ്ടു അർബുദ തുടർ ചികിസാ കേന്ദ്രങ്ങളും ആറന്മുള മണ്ഡലത്തിൽ അനുവദിച്ചതിനെതിരേ ചിറ്റയം രംഗത്ത് വന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് കത്തു നൽകി.

അടൂർ ജനറൽ ആശുപത്രിയിൽ അർബുദ തുടർ ചികിൽസ സൗകര്യം അനുവദിക്കാത്തത് നിരാശാജനകവും വിവേചനപരവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആരോഗ്യ മന്ത്രി വീണ ജോർജിന് നൽകിയ കത്തിൽ വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി കാൻസർ ചികിത്സാ സംവിധാനം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 25 സർക്കാർ ആശുപത്രികളിൽ പ്രാഥമികമായി കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യം നടപ്പിലാക്കിയത് ആരോഗ്യ വകുപ്പിന്റെ അഭിനന്ദനാർഹമായ ശ്രദ്ധേയമായ നേട്ടമാണ്.

വികേന്ദ്രീകൃത കാൻസർ ചികിത്സ സൗകര്യം എന്നതാണ് ഈ പദ്ധതികളുടെ പ്രഥമമായ ലക്ഷ്യം. ഇത് ബോധ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള ജില്ലകളിൽ ഒരെണ്ണം ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് അശുപത്രിയിലും രണ്ടാമത്തേത് ദൂരപരിധി പരിഗണിച്ച് ഗ്രാമീണ തലത്തിലുള്ള ശ്രദ്ധേയമായ പ്രധാന ആശുപത്രിയിലുമായിട്ടാണ് നൽകിയിട്ടുള്ളത്. എന്നാൽ പത്തനംതിട്ട ജില്ലയിൽ അനുവദിച്ച രണ്ട് കാൻസർ തുടർ ചികിത്സ ആശുപത്രികളും പരമാവധി രോഗികൾക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയാത്ത വിധം ഭൂമിശാസ്ത്രപരമായ ദൂരപരിധി കണക്കിലെടുക്കാതെ ആറന്മുള മണ്ഡലത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും നൽകി.

തദ്ദേശവാസികൾക്കൊപ്പം അടൂർ മണ്ഡലത്തിനോട് അതിർത്തി പങ്കിടുന്ന ആലപ്പുഴ, കൊല്ലം ജില്ലകളിലെ നിരവധി രോഗികൾ ആശ്രയിച്ചുവരുന്ന അടൂർ ജനറലാശുപത്രിയെ ഈ പദ്ധതിയിൽ പരിഗണിച്ചില്ല. പരമാവധി രോഗികൾക്ക് സൗകര്യപ്രദമായി ചികിത്സയ്ക്കായി എത്തിച്ചേരുന്നതിന് സഹായകമായി നിലവിൽ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയെല്ലാം കൃത്യമായി ബോദ്ധ്യപ്പെടാതെ ആറന്മുള മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങൾ പുനപരിശോധിക്കമെന്നും അടൂരിൽ കാൻസർ ചികിത്സാ സൗകര്യം നടപ്പിലാക്കണമെന്നും ചിറ്റയം കത്തിൽ ആവശ്യപ്പെട്ടു