ദുബായ്: സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ന്യൂസീലൻഡ് ടീം പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ചത് മടങ്ങിയത് വൻ വിവാദമായിരിക്കെ, താൻ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന പ്രഖ്യാപനവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒറ്റ വരി കുറിപ്പിലാണ് താൻ പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന ഗെയ്‌ലിന്റെ പ്രഖ്യാപനം. വെസ്റ്റിൻഡീസ് മുൻ ക്യാപ്റ്റനായ ഡാരൻ സമിയും പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഗെയിലും പിന്തുണയുമായി എത്തിയിരിക്കുന്നത്.

ഇന്നു പുലർച്ചയൊണ് പാക്കിസ്ഥാനിലേക്കു പോകുകയാണെന്ന് ഗെയ്ൽ ട്വിറ്ററിൽ പോസ്റ്റിട്ടത്.'ഞാൻ നാളെ പാക്കിസ്ഥാനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?' ഇതായിരുന്നു ട്വിറ്ററിൽ ഗെയ്ൽ കുറിച്ചിട്ട വാചകം.എന്നാൽ കുറച്ചുകൂടി വിശദമായിരുന്നു സമിയുടെ പോസ്റ്റ്.കഴിഞ്ഞ ആറു വർഷത്തിനിടെ പലകുറി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നിയിട്ടില്ലെന്നായിരുന്നു സമിയുടെ പ്രതികരണം.

'സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ ന്യൂസീലൻഡ് പരമ്പര റദ്ദാക്കിയ വാർത്ത കണ്ടാണ് രാവിലെ ഉണർന്നത്. ഇത് തീർത്തും നിരാശപ്പെടുത്തി. കഴിഞ്ഞ ആറു വർഷത്തിനിടെ പാക്കിസ്ഥാൻ സന്ദർശിക്കുന്നതും അവിടെ കളിക്കുന്നതും വളരെയധികം ആസ്വദിച്ചിരുന്നു. അവിടെ എനിക്ക് വല്ലാത്ത സുരക്ഷയാണ് അനുഭവപ്പെട്ടിരുന്നത്. ഈ നീക്കം പാക്കിസ്ഥാന് വൻ തിരിച്ചടിയാണ്' സമി കുറിച്ചു.

ഇതിനിടെ, പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ ഗെയ്‌ലിന്റെ ട്വീറ്റിനോട് പ്രതികരിച്ചതും കൗതുകമായി. പാക്കിസ്ഥാനിൽവച്ച് കാണാമെന്നായിരുന്നു ആമിറിന്റെ പ്രതികരണം.നേരത്തെ, പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ് ടീമിനെ ആമിർ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പാക്ക് പര്യടനം റദ്ദാക്കിയത് ഭാവിയിൽ ന്യൂസീലൻഡിന് വലിയതോതിൽ ദോഷം ചെയ്യുമെന്നായിരുന്നു ആമിറിന്റെ വാക്കുകൾ.

'ഹായ് ന്യൂസീലൻഡ്, ഒരു പാക്കിസ്ഥാൻകാരനെന്ന നിലയിൽ ഞാൻ നിങ്ങളോടും ക്ഷമിക്കും. കാരണം ഞങ്ങൾ സ്‌നേഹിക്കാൻ മാത്രമറിയുന്ന ഒരു രാജ്യമാണ്. പക്ഷേ, ഈ പ്രവർത്തി നിങ്ങളെ തിരിച്ചടിക്കുമെന്ന് ഉറപ്പാണ്' ആമിർ പറഞ്ഞു.

അതേസമയം പാക്കിസ്ഥാനിൽ വൻ സ്വീകരണമാണ് ട്വീറ്റിന് ലഭിച്ചത്.ഇതിനകം ഒരു ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തത്. ഇരുപതിനായിരത്തിലേറെപ്പേർ കമന്റും ചെയ്തു. ന്യൂസീലൻഡ് ക്രിക്കറ്റ് ടീം പാക്ക് പര്യടനം റദ്ദാക്കി മടങ്ങുകയും അടുത്തതായി പാക്കിസ്ഥാനിൽ പര്യടനം നടത്തേണ്ട ഇംഗ്ലണ്ട് ടീം അതേക്കുറിച്ച് പുനർവിചിന്തനം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ക്രിസ് ഗെയ്‌ലിന്റെ ട്വീറ്റെന്നത് ശ്രദ്ധേയം.ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14ാം സീസൺ ഇന്ന് പുനരാരംഭിക്കാനിരിക്കെ പഞ്ചാബ് കിങ്‌സ് താരമായ ഗെയ്‌ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാഴ്‌ത്തി