ഇസ്ലാമാബാദ്: തീവ്രവാദത്തിന്റെ വിളനിലമായ പാക്കിസ്ഥാനിലെ നിയമങ്ങളും ക്രൂരതയ്ക്ക് പേര് കേട്ടതാണ്. ആധുനിക ലോകത്തിന് തീരെ യോജിക്കാത്ത രക്തദാഹികളായ ഒരു പറ്റം നിയമങ്ങളുമായി ന്യുനപക്ഷങ്ങളെ വേട്ടയാടുകയാണ് പാക്കിസ്ഥാൻ ഭരണകൂടം. അതിലൊന്നാണ് ബ്ലാസ്ഫെമി നിയമം. ബ്ലാസ്ഫെമി എന്ന ഇംഗ്ലീഷ് വാക്കിനർത്ഥം ഈശ്വര നിന്ദ, മത നിന്ദ എന്നൊക്കെയാണ് പക്ഷെ പാക്കിസ്ഥാനിലെ മതന്യുന പക്ഷങ്ങളുടെ മതത്തേയോ ദൈവത്തേയോ നിന്ദിച്ചാൽ ഇത് ബാധകമല്ല, ഭൂരിപക്ഷത്തിന് മാത്രമാണതെ അവിടെ വിശ്വാസം ഹനിക്കപ്പെട്ടാൽ വികാരം പൊട്ടിമുളയ്ക്കുക.

പരിഷ്‌കൃതലോകത്തിന് അനുയോജ്യമല്ലാത്ത ഈ കിരാതനിയമത്തിൽ 1967 മുതൽ 2014 വരെ 1,300 പേറെയാണ് ശിക്ഷിച്ചിട്ടുള്ളത്. പൊതുവായ മതനിന്ദക്കെതിരെ ബ്രിട്ടീഷ് ഭരണകാലത്ത് തയ്യാറാക്കിയ നിയമത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്ത് ഇന്നത്തെ രീതിയിലാക്കിയത് 1980 ലായിരുന്നു. അതിനു ശേഷം ചുരുങ്ങിയത് 75 പേരെങ്കിലും ദൈവനിന്ദയുടെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും അന്തിമ വിധിക്ക് കാത്തുനിൽക്കാതെ തന്നെ മതാന്ധരായ ക്രൂരന്മാർ വധശിക്ഷ നൽകുകയായിരിക്കും ചെയ്യുക. ദൈവനിന്ദയുള്ള പോസ്റ്റുകൾ ഓൺലൈനിൽ പോസ്റ്റുചെയ്തു എന്നാരോപിച്ച 2017 ൽ അബ്ദുൾ വാലി ഖാൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന മാഷാൽ ഖാനെ ഒരുപറ്റം ആളുകൾ ആക്രമിച്ചു കൊന്നതുതന്നെ ഇതിനൊരു ഉദാഹരണമാണ്.

ഈ കരിനിയമത്തിലെ വധശിക്ഷ എന്ന നിബന്ധന ഒഴിവാക്കണമെന്നു പറഞ്ഞതിനാണ് 2011 ൽ അന്നത്തെ ന്യുനപക്ഷകാര്യ മന്ത്രിയായിരുന്ന ഷബാസ് ഭാട്ടിയെ വെടിവച്ചുകൊന്നത്. അതുപോലെത്തന്നെയായിരുന്നു, കിണറ്റിലെ വെള്ളത്തിന്റെ പേരിലുയർന്ന തർക്കം ദൈവനിന്ദയിലെത്തിച്ച നിരപരാധിയായ ആസിയ ബീബി എന്ന സ്ത്രീയെ വധശിക്ഷക്ക് വിധിച്ചത്. എന്നാൽ അന്താരാഷ്ട്ര ഇടപെടലുകൾ കാരണം അവർ വധിശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു. ആസിയ ബീബിയെ പിന്തുണച്ചതിന് പഞ്ചാബ് ഗവർണർ സൽമാൻ തസീർ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റാണ് മരണമടഞ്ഞത്.

ഈ കിരാത നിയമത്തിന് ഇപ്പോൾ മറ്റൊരു ഇരകൂടി ഉണ്ടായിരിക്കുന്നു. ജോലിസ്ഥലത്തെ ഒരു മുൻ സൂപ്പർവൈസർക്ക് ദൈവനിന്ദ അടങ്ങുന്ന സന്ദേശം അയച്ചു എന്ന കുറ്റത്തിനാണ് ഈ കൃസ്ത്യൻ മതവിശ്വാസിയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. ആസിഫ് പെർവായ്സ് എന്ന ഈ 37 കാരൻ ഇസ്ലാമതത്തെ നിന്ദിച്ചു എന്ന കുറ്റത്തിന് 2013 മുതൽ തടവിലാണ്. എന്നാൽ താൻ തികച്ചും നിരപരാധിയാണെന്നാണ് ആസിഫ് പറയുന്നത്.

ഒരു വസ്ത്രനിർമ്മാണ കമ്പനിയിൽ ജോലിചെയ്തിരുന്ന ആസിഫ് അവിടെനിന്നും പിരിഞ്ഞപ്പോൾ അന്ന് അവിടെ സൂപ്പർവൈസറായിരുന്ന മുഹമ്മദ് സയിദ് ഖോഖെർ തന്നെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചു എന്നാണ് അയാൾ പറയുന്നത്. എന്നാൽ ആസിഫ് ഇതിന് തയ്യാറായില്ല. ഇതാണ് ഈ കള്ളക്കേസിന് ആധാരം. ഈ കേസിലാണ് ഇപ്പോൾ ആസിഫിനെ മരണം വരെ തൂക്കിലേറ്റാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം ഖോഖെർ ഇത് നിഷേധിക്കുകയാണ്. ചെയ്ത തെറ്റ് ന്യായീകരിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് അയാൾ തന്റെ പേര് വലിച്ചിഴക്കുന്നത് എന്നായിരുന്നു ഇയാൾ പറഞ്ഞത്. കമ്പനിയിൽ കൃസ്തുമത വിശ്വാസികളായ വേറെയും ആളുകളുണ്ടെന്നും അവർക്കാർക്കും ഇത്തരത്തിലുള്ള പരാതികളില്ലെന്നും അയാൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ഏകദേശം 80 പേരോളം ഈ നിയമത്തിനു കീഴിൽ കുറ്റക്കാരക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലുകളിലുണ്ട്. അതിൽ പകുതിയിലേറെ പേർക്കും വിധിച്ചിരിക്കുന്നത് വധശിക്ഷയാണ്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്റെ കണ്ടുപിടുത്തമാണിത്. ന്യുനപക്ഷ വിഭാഗങ്ങളായ ഹിന്ദു, കൃസ്ത്യൻ വിശ്വാസികൾക്ക് നേരെയാണ് ഈ നിയമം കൂടുതലായി ഉപയോഗിക്കുന്നതെന്നും കമ്മീഷൻ പറയുന്നു.