പാലക്കാട്: വഖഫ് നിയമന പ്രശ്‌നം ഉയർത്തി സർക്കാരിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്ലിം ലീഗിന്റെ നീക്കത്തിനിടെ ഒറ്റപ്പാലത്ത് ലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ച് പ്രതിഷേധം. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ റീത്തിൽ നോട്ടീസുണ്ട്. വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്.

അതേസമയം വഖഫ് നിയമന പ്രശ്‌നത്തിൽ പള്ളികളിൽ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടികൾ ലീഗ് മാറ്റി. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കിയതിന് പിന്നാലെ ലീഗധ്യക്ഷന്റെ ചുമതല വഹിക്കുന്ന പാണക്കാട് സാദിഖലി തങ്ങളാണ് പ്രതിഷേധം മാറ്റിയതായി അറിയിച്ചത്.

മുഖ്യമന്ത്രി മാന്യമായി സംസാരിച്ചു. ചർച്ച ചെയ്യാം എന്നും പറഞ്ഞു. ചർച്ചക്ക് ശേഷം പ്രതിഷേധം തീരുമാനിക്കും. പരിഹാരം ആയില്ല എങ്കിൽ പ്രതിഷേധിക്കേണ്ടിവരും. അതിന് സമസ്ത മുന്നിൽ ഉണ്ടാകും. വഖഫ് നിയമനത്തിൽ പള്ളിയിൽ നിന്ന് പ്രതിഷേധിക്കാൻ സാധിക്കില്ല. പള്ളിയിൽ പ്രതിഷേധം ആകരുത്. അത് അപകടം ചെയ്യും. പള്ളി ആദരിക്കപ്പെടേണ്ടത് ആണ്. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത കാര്യങ്ങൾ പാടില്ല. പ്രകോപനപരമായ കാര്യങ്ങൽ അവിടെ നിന്ന് ഉണ്ടാകരുത്. കൂട്ടായി എടുത്ത തീരുമാനം ആകാം എങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ പരസ്പരം ഉള്ള പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കുഴപ്പം ഉണ്ടാകാൻ സാധ്യതയുണ്ട്. പലരും കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിന്റെ ഉത്തരവാദിത്തം സമസ്തക്കാവുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

വഖഫ് ബോർഡ് നിയമനം പി എസ് സി ക്ക് വിട്ട തീരുമാനം പിൻവലിക്കണമെന്നു തന്നെയാണ് ആവശ്യം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കും.വഖഫ് പവിത്രമായ മുതൽ ആണ്. അത് ഉൾക്കൊണ്ടാവണം പ്രവർത്തിക്കേണ്ടത്. ആശങ്കകൾ സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും തങ്ങൾ വ്യക്തമാക്കി.

കോഴിക്കോട്ട് സമസ്ത അദ്ധ്യാപക, പണ്ഡിത സംഘടനകളുടെ സമരപ്രഖ്യാപന വേദിയിലാണ് സമസ്ത അധ്യക്ഷൻ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ചത്. പള്ളികളിൽ പ്രതിഷേധമില്ല, മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും സമസ്ത അധ്യക്ഷൻ വ്യക്തമാക്കി. പാണക്കാട് സാദിഖലി തങ്ങൾ കൂടി പങ്കെടുത്ത വേദിയിൽ വച്ചായിരുന്നു സമസ്തയുടെ നിലപാട് മാറ്റം. ഇതോടെ വെള്ളിയാഴ്ച പള്ളികളിൽ പ്രതിഷേധം നടത്താനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലീഗിനെ തുണയ്ക്കുന്ന പ്രമുഖ മതസംഘടനയായ സമസ്തയുടെ നിലപാട് മാറ്റം സർക്കാരിന് നേട്ടമായി. മുഖ്യമന്ത്രി നേരിട്ട് നടത്തിയ നീക്കമാണ് ഫലം കണ്ടത്. മുസ്ലിം സംഘടനകളെ സർക്കാരിനെതിരെ അണി നിരത്താനുള്ള ലീഗിന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞത്. വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ചില ഉറപ്പുകൾ നൽകി നടപ്പാക്കാൻ തന്നെയാണ് എൽഡിഎഫ് നീക്കം.