കോട്ടയം: സല്യൂട്ട് വിവാദം കത്തുന്നതിനിടെ കണ്ടയുടൻ സല്യൂട്ട് നൽകിയ സിഐയോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണവും വൈറലാവുന്നു. പാല മുത്തോലി പഞ്ചായത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പരിപാടിക്കെത്തിയ സുരേഷ് ഗോപിക്ക് സ്ഥലം സിഐ കെ.പി തോംസൺ സല്യൂട്ട് നൽകുകയായിരുന്നു.

ഇതുകണ്ടയുടൻ സിഐയെ അരികിലേക്ക് വിളിച്ച് ചെവിയിൽ എംപി സ്വകാര്യം പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് ഇരുവരും വ്യക്തമാക്കിയില്ലെങ്കിലും, സുരേഷ് ഗോപി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'അവിടെ സല്യൂട്ട് കിട്ടി, അതുകഴിഞ്ഞു. ഞാൻ പറയുന്നത് ഇതു വേണ്ടെന്നാണ്'.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്‌ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടത്. താനൊരു എംപിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്‌ഐയോട് വിളിച്ചു വരുത്തി പറഞ്ഞത്. ആ ശീലമൊന്നും മറക്കരുതെന്ന് ഓർമ്മിപ്പിച്ച സുരേഷ് ഗോപിക്ക് എസ്‌ഐ ഉടൻ തന്നെ സല്യൂട്ട് നൽകുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യങ്ങളിലടക്കം സുരേഷ് ഗോപിയെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു.

വിവാദങ്ങൾ തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എംപി വീണ്ടും രംഗത്തെത്തിയിരുന്നു. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിൽ രാഷ്ട്രീയ വേർതിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് നിലപാട് അറിയിച്ചത്.

സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ ? പൊലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ അസോസിയേഷനോ, ആരുടെ അസോസിയേഷൻ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. 'ആ അസോസിയേഷൻ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്.'- അദ്ദേഹം പറഞ്ഞു.

സല്യൂട്ട് നൽകാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ പറയാൻ പറ്റില്ല. പൊലീസ് കേരളത്തിലാണ്. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിർദ്ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നൽകണ്ട എന്നവർ വിശ്വസിക്കുന്നുവെങ്കിൽ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയെ അനുകൂലിച്ച് കെ.ബി.ഗണേശ്‌കുമാർ എംഎൽഎയും രംഗത്തെത്തി. പാർലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യണമെന്ന് കെ.ബി ഗണേശ്‌കുമാർ പറഞ്ഞു. സല്യൂട്ട് ചെയ്യുന്നതാണ് മര്യാദ, പ്രോട്ടോക്കോൾ വിഷയം വാദപ്രതിവാദത്തിനായി ഉന്നയിക്കുന്നതെന്നും ഗണേശ്‌കുമാർ പറഞ്ഞു. 'സുരേഷ് ഗോപിയുടെ രാഷ്ട്രീയം വിട്ടേക്കൂ; നടനെയും വിട്ടേക്കൂ... അയാൾ എംപിയാണ് സല്യൂട്ട് ചെയ്യണം ഗണേശ്‌കുമാർ പറഞ്ഞു.