തിരുവനന്തപുരം: കേരളാ പൊലീസിനെ ഞെട്ടിച്ച് സിഐയ്‌ക്കെതിരെ പീഡന വിവാദം. യുവതി പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാണ് ആരോപണം. തിരുവനന്തപുരം റൂറലിലെ ഒരു പൊലീസ് സ്‌റ്റേഷനിലെ സിഐയ്‌ക്കെതിരായാണ് ആക്ഷേപങ്ങൾ. ഗുരുതര സ്വഭാവമുള്ളതാണ് പരാതി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹിയെയാണ് യുവതി പ്രതിക്കൂട്ടിൽ നിർത്തുന്നത്.

ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാതിയിലുള്ളത്. ഇത് പരിശോധിച്ച് ആ ആക്ഷേപത്തിലെ വസ്തുകൾ ബോധ്യപ്പെടാൻ മൊബൈൽ വിവരങ്ങളുടെ പരിശോധന മാത്രം മതി. ഫോൺ സംഭാഷണമടക്കം പൊലീസിന് കിട്ടും. പക്ഷേ പൊലീസ് ഈ പരാതി കേട്ട ഭാഗം നടിക്കുന്നില്ല. ഉന്നത ബന്ധങ്ങളുള്ള സിഐയെ രക്ഷിക്കാനാണ് ഇതെന്നാണ് ആരോപണം. അബുദാബിയിൽ നിന്ന് നാട്ടിൽ മടങ്ങിയെത്തിയ യുവതി ഒരു കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്‌റ്റേഷനിൽ എത്തുന്നത്. യുവതിയെ മൊബൈൽ നമ്പർ വാങ്ങി കെണിയിൽ വീഴ്‌ത്തുകയായിരുന്നു ഉദ്യോഗസ്ഥൻ.

വിദേശത്ത് ഡോക്ടറായിരുന്നു പരാതിക്കാരി. വിവാഹം കഴിഞ്ഞ് പത്ത് വർഷമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ നാട്ടിൽ ചികിൽസയ്ക്കായി എത്തി. പിന്നീട് ഭർത്താവ് മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി പൊലീസുകാരൻ എത്തുന്നത്. ഇവർക്ക് ആ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കട മുറികളുണ്ടായിരുന്നു. അത് ചിലർക്ക് വാടകയ്ക്ക് നൽകി. ചില പ്രശ്‌നങ്ങളെ തുടർന്ന് അവരോട് ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് വഴങ്ങിയില്ല. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിന് മുമ്പിലെത്തുന്നത്.

സിഐയുടെ ഇടപെടലിൽ നീതി കിട്ടി. എന്നാൽ നീതി കിട്ടിയില്ലേ എന്ന് ചോദിച്ച് തന്നെ സിഐ കീഴ്‌പ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതോടെ കുടുംബവും തകർന്നു. ഒറ്റപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനത്തിൽ വീണ്ടും വീണ്ടും ചതിച്ചു. പണവും തട്ടിയെടുത്തെന്ന് ആരോപണമുണ്ട്. ഇത്ര ഗൗരവമുള്ള ആരോപണത്തിന് തെളിവുമുണ്ട്. പക്ഷേ പൊലീസ് അന്വേഷിക്കാൻ തയ്യാറല്ല. റൂറൽ എസ് പിയെ പോലും പരാതിക്കാരിയെ കാണാൻ സമ്മതിച്ചില്ല. ഡിജിപിയെ കാണുന്നതിൽ നിന്നും ഇവരെ പൊലീസ് വിലക്കിയതായാണ് ആരോപണം. എന്നാൽ ഡിജിപിയുടെ ഓഫീസ് പരാതി സ്വീകരിച്ചിട്ടുണ്ട്.

സിപിഎം അനുകൂല സംഘടനയാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നത്. അതിലെ പ്രധാനിയാണ് ഈ ഉദ്യോഗസ്ഥൻ. അതുകൊണ്ടാണ് കേസെടുക്കാൻ എല്ലാവർക്കും മടി. എല്ലാ വാതിലും മുട്ടിയിട്ടും ഫലമില്ല. ഡിജിപി അടക്കമുള്ളവരെ പരാതിക്കാരിയെ കാണാൻ പോലും അനുവദിക്കാതെ തടയുന്നുവെന്ന പരാതിയും ഉണ്ട്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹി കൂടിയാണ് ഇയാൾ. എസ് ഐയായും പരാതിക്ക് ആധാരമായ അതേ സ്റ്റേഷനിൽ ജോലി ചെയ്തിട്ടുണ്ട്. സിഐയായും അവിടെ തന്നെ തുടരുന്നു. ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ആക്ഷേപമുണ്ട്.

അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ യുവതിയാണ് പരാതിക്കാരി. ലോട്ടറി കടക്കാരിയെ ഒഴിപ്പിക്കാനുള്ള പരാതിയുമായാണ് യുവതി പൊലീസ് സ്‌റ്റേഷനിൽ ആദ്യം എത്തുന്നത്. ഈ പ്രശ്‌നത്തിനിടെയാണ് യുവതിയിൽ നിന്നും സിഐ മൊബൈൽ നമ്പർ വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. പ്രശ്‌നം പരിഹരിച്ച ശേഷം ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ചികിൽസയുമായി ബന്ധപ്പെട്ട സർജറിക്ക് ശേഷം യുവതിയെ വീട്ടിലാക്കി ഭർത്താവ് വിദേശത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് സിഐ വീട്ടിലെത്തിയത്.

2019 ഒക്ടോബറിലായിരുന്നു ആദ്യ പീഡനം. ട്രീറ്റിന് എന്നു പറഞ്ഞു വന്ന ശേഷം വൈകാരിക സംഭാഷണത്തിലൂടെ യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.സർജറി കഴിഞ്ഞുള്ള ശാരീരിക പ്രശ്‌നങ്ങൾ പറഞ്ഞിട്ടും കേട്ടില്ല. ബലപ്രയോഗത്തിലൂടെയായിരുന്നു ആദ്യ പീഡനം. പിന്നീട് പലവട്ടം അത് തുടർന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഭാര്യയുമായി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു പീഡനം തുടർന്നു.

സിഐയുടെ ഇടപെടൽ കാരണം കുടുംബ ബന്ധം തകർന്നു. ഭർത്താവ് ഉപേക്ഷിച്ചെന്നും പരാതിയിൽ പറയുന്നു. കൊല്ലത്തെ ബാങ്കിൽ നിന്നും പണം പിൻവലിച്ചതും നോമിനിയായി സിഐയെ ആക്കിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരാതിയിൽ പറയുന്നുണ്ട്. ഇതിനിടെ ഇയാളുടെ ഭാര്യ ഭീഷണിയുമായെത്തി. പല ഫോണിൽ നിന്ന് വാട്‌സാപ്പ് ഓഡിയോ പോലും അയച്ചെന്നും യുവതി പറയുന്നു.

ഈ വർഷം ശബരിമല ഡ്യൂട്ടി കഴിഞ്ഞും യുവതിയുടെ വീട്ടിൽ സിഐ എത്തി. എന്നാൽ യുവതി വഴങ്ങിയില്ല. 28ന് വീണ്ടുമെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.