തിരുവനന്തപുരം: ചാരക്കേസിൽ ഗൂഢാലോചന നടന്നുവെന്ന സിബിഐ വാദത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു സംശയിക്കുന്നതായി സിബി മാത്യൂസ്. ചാരക്കേസ് ഗൂഢാലോചനയിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുൻ ഡിജിപി. ഇതിനു പിന്നിൽ ചില ശാസ്ത്രജ്ഞരും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. കേരള പൊലീസ് ചാരക്കേസ് രജിസ്റ്റർ ചെയ്തത് നിയമാനുസൃതമായാണ്. ഒരു ഘട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യമാണെന്നു വന്നപ്പോഴാണ് തന്നോട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ പറയുന്ന ഗൂഢാലോചന 1996ൽ സിബിഐ അന്വേഷണം പൂർത്തിയാക്കി എറണാകുളം കോടതിയിൽ റിപ്പോർട്ട് കൊടുത്തപ്പോൾ കണ്ടില്ലെന്നും സിബി മാത്യൂസ് പറഞ്ഞു.

ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുള്ള ചില കാര്യങ്ങൾ കേസിലുണ്ടായിരുന്നു. അതാണ് ഇന്റലിജൻസ് ബ്യൂറോ വരാൻ കാരണം. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ആദ്യം രണ്ട് മാലി ദ്വീപ് വനിതകളെ അറസ്റ്റ് ചെയ്തു, വിജയനാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രണ്ട് ശാസ്ത്രജ്ഞർ ഉൾപ്പടെ നാലുപേരേയും. ആറുപേരുടെ അറസ്റ്റായപ്പോഴേക്കും തുടർന്നുള്ള അന്വേഷണം കേന്ദ്ര സർക്കാരിന് കീഴിലുള്ള അന്വേഷണ ഏജൻസി അന്വേഷിക്കുന്നതാണ് ഉചിതമെന്ന് ഞാൻ തന്നെയാണ് എഴുതിക്കൊടുത്തത്. അങ്ങനെയാണ് സിബിഐ അന്വേഷണം വന്നത്.

തുടർന്നുണ്ടായ സംഭവങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. കേരളപൊലീസ് ചെയ്തതെല്ലാം തെറ്റാണെന്ന് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് കൊടുക്കുകയും അത് പിന്നീട് മേൽക്കോടതികളെല്ലാം അംഗീകരിക്കുകയും ചെയ്തു.ഇപ്പോൾ പറയുന്ന ഗൂഢാലോചന 1996-ൽ സിബിഐ. അന്വേഷണം പൂർത്തിയാക്കി എറണാകുളം സി.ജെ.എം. കോടതിയിൽ റിപ്പോർട്ട് കൊടുത്തപ്പോൾ കണ്ടില്ല. പിന്നീട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സിബിഐ. പലഘട്ടങ്ങളിലും സത്യവാങ്മൂലം സമർപ്പിച്ചതിലും ഗൂഢാലോചനയില്ല', സിബി മാത്യൂസ് പറയുന്നു.

ഐഎസ്ആർഒ ഗൂഢാലോചനക്കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് മുൻ ഡിജിപി സിബി മാത്യൂസിനു കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റിലേക്കു സിബിഐ കടക്കുമെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് സിബി മാത്യൂസ് ഉൾപ്പെടെയുള്ള പ്രതികൾ മുൻകൂർ ജാമ്യത്തിന് അനുമതി തേടിയത്.

നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണ് ജില്ലാ സെക്ഷൻസ് കോടതി കേട്ടത്. ദിവസങ്ങളോളം വാദം നീണ്ടിരുന്നു.

റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നാണ് സിബി മാത്യൂസ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാൽ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കോടതിയിൽ വാദിച്ചു.

ഈ കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ എന്നും സിബിഐ കോടതിയിൽ വാദിച്ചു. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാൻ കോടതിക്ക് കഴിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നമ്പി നാരായണനും മറിയം റഷീദയും കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.