മോസ്‌കോ: സ്പേസ് എക്സ് സ്ഥാപകൻ എലൺ മസ്‌കിനും നാസയ്ക്കും ഒപ്പം ചേർന്ന് ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസ് ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കുമെന്ന് ഇക്കൊല്ലമാദ്യം പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇത്തരമൊരു ചലഞ്ച് ആദ്യം പൂർത്തിയാക്കണമെന്ന അമേരിക്കയുടെ സ്വപനത്തെ കടത്തിവെട്ടി ബഹിരാകാശത്ത് സിനിമ ചിത്രീകരണം പൂർത്തിയാക്കി മടങ്ങിയെത്തിയിരിക്കുകയാണ് റഷ്യൻ സംഘം.റഷ്യൻ നടി യൂലിയ പെരെസിൽഡും നിർമ്മാതാവും സംവിധായകനുമായ ക്ലിം ഷിപെൻകോയുമാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയത്.

ചലഞ്ച് എന്ന് പേരിട്ട സിനിമ അണിയറ പ്രവർത്തകർക്ക് ശരിക്കും ഒരു ചലഞ്ച് ആവുകയായിരുന്നു. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയ സംഘം ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്സ്താനിൽ തിരിച്ചിറങ്ങിയത്. കസാഖ്‌സ്താനിലെ ബൈകനൂരിൽനിന്ന് ഈ മാസം തുടക്കത്തിലാണ് സംഘം ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ഇവർക്കൊപ്പം യാത്ര തിരിച്ച ബഹിരാകാശ യാത്രികനായ ആന്റണൻ ഷിപെൻകോക്ക് ബഹിരാകാശ നിലയത്തിൽ തുടരും.

ഹൃദ്രോഗംവന്ന് ബഹിരാകാശനിലയത്തിൽ അകപ്പെട്ടുപോയ സഞ്ചാരിയെ രക്ഷിക്കാൻ വനിതാ സർജനെ അയക്കുന്ന കഥ പ്രമേയമാക്കിയുള്ള സിനിമയാണ് ചലഞ്ച്. ഇതോടെ ബഹിരാകാശത്ത് നടന്ന ആദ്യ സിനിമാ ചിത്രീകരണമെന്ന റെക്കോർഡും ചലഞ്ചിന്റെ പേരിലായി.യു.എസിനെ മറികടന്നാണ് റഷ്യൻ സംഘം ബഹിരാകാശത്ത് ആദ്യസിനിമ ചിത്രീകരികരണം പൂർത്തിയാക്കി തിരിച്ചെത്തിയത്.

റഷ്യൻ ബഹിരാകാശ യാത്രികനായ ഒലെഗ് നോവിറ്റ്സ്‌കിയും ഇവർക്കൊപ്പം തിരിച്ചെത്തി. കഴിഞ്ഞ ആറ് മാസമായി ഒലെഗ് ബഹിരാകാശ നിലയത്തിലായിരുന്നു. റോസ്‌കോസ്മോസിന്റെ സോയുസ് എംഎസ്-19 ബഹിരാകാശ വാഹനത്തിലാണ് സംഘം തിരിച്ചെത്തിയത്.