ചെന്നൈ: എ ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോയ്ക്കിടെ ഉണ്ടായ വിവാദത്തിൽ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദർ. സെപ്റ്റംബർ 10 ഞായറാഴ്ച ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലർക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. തിക്കിലും തിരക്കിലും സ്ത്രീകളെ അപമാനിക്കാൻ ശ്രമം നടന്നുവെന്നും പരാതി ഉയർന്നിരുന്നു.

വില കൂടിയ പാസ് കൈവശമുണ്ടായിരുന്നിട്ടും സംഗീതനിശയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരിൽ തന്റെ മകളും ഉണ്ടെന്ന് പറയുന്നു ഖുഷ്ബു. എന്നാൽ റഹ്മാൻ അല്ല സംഭവവികാസങ്ങൾക്ക് കാരണമെന്നും താരം എക്സിലൂടെ പ്രതികരിച്ചു.'ചെന്നൈ സംഗീത നിശയിൽ എ ആർ റഹ്മാൻ ആരാധകർ നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിഞ്ഞു. തന്റെ ആരാധകർ നിരാശരാകാതിരിക്കാൻ റഹ്മാൻ എല്ലായ്‌പ്പോഴും ശ്രദ്ധ പുലർത്തിയിരുന്നു. ഡയമണ്ട് പാസ് കൈയിൽ ഉണ്ടായിരുന്നിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവരിൽ എന്റെ മകളും അവളുടെ സുഹൃത്തുക്കളുമുണ്ട്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ അവർക്ക് മൂന്ന് മണിക്കൂറിലേറെ സമയം എടുത്തു. വളരെ നിർഭാഗ്യകരമായിപ്പോയി അത്.'

'പക്ഷേ ജനങ്ങൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് എ ആർ റഹ്മാനെ ഉത്തരവാദിത്തം ഏൽപ്പിക്കാൻ ആവില്ല. റഹ്മാന്റെ ഒരു ലൈഫ് പെർഫോമൻസ് കാണാൻ എത്തുന്ന ജനക്കൂട്ടത്തെക്കുറിച്ച് ധാരണയില്ലാതെയിരുന്ന സംഘാടകരുടെ സമ്പൂർണ്ണ പരാജയമാണ് ഇത്. തന്റെ സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സ്‌നേഹവും സമാധാനവും പങ്കുവെക്കുന്ന ആളാണ് റഹ്മാൻ. അദ്ദേഹം അർഹിക്കുന്നത് എന്താണോ അത് തുടർന്നും നൽകുക. അദ്ദേഹത്തിനൊപ്പം നിൽക്കുക. എല്ലാം ശരിയാവുമെന്ന് പറയുക', ഖുഷ്ബു എക്‌സിൽ കുറിച്ചു.

അതേസമയം വിവാദത്തെ തുടർന്ന് പരിപാടിയുടെ സംഘാടകർ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി റഹ്മാനും രംഗത്തെത്തിയിരുന്നു. 'പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിയാതെ ഉള്ളിൽ സന്തോഷത്തോടെ പ്രകടനം നടത്തുകയായിരുന്നു. എല്ലാം നല്ല ഉദ്ദേശത്തോടെയാണ് ചെയ്തത്. പക്ഷേ...', റഹ്മാൻ പറഞ്ഞു. തന്റെ ടീം വിവരങ്ങൾ ശേഖരിക്കുന്ന മുറയ്ക്ക് ഒരു സർപ്രൈസ് പ്രഖ്യാപനം ഉണ്ടാവുമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പ്രതികരിച്ചിരുന്നു.