തിരുവനന്തപുരം: സിനിമയില്‍ പവര്‍ഗ്രൂപ്പുകളുണ്ടെന്നും ഇല്ലെന്ന് പറയാന്‍ മണ്ടന്‍ ആയിരിക്കണമെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍.ഹേമ കമ്മറ്റി റിപ്പോര്‍ട്ടന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സിനിമയില്‍ എക്കാലത്തും പവര്‍ഗ്രൂപ്പുകള്‍ ഉണ്ട്. പണ്ട് ഇത് പലവിധ ലോബികള്‍ ആയിരുന്നു. സിനിമയില്‍ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം പേരും നല്ലവരാണ്. എന്നാല്‍ പുഴുക്കുത്തുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ പുഴുക്കുത്തുകള്‍ പക്ഷെ ശക്തരാണ്.സിനിമയില്‍ പവര്‍ഗ്രൂപ്പുകള്‍ എന്ന പോലെ വളരെയധികം സക്‌സസ്ഫുള്‍ ആയിനില്‍ക്കുന്നവരുമുണ്ട്.അവരെ ചീത്തപറയാന്‍ തനിക്ക് ഇഷ്ടമല്ലെന്ന് വെളിപ്പെടുത്തിയ കൃഷ്ണകുമാര്‍ പവര്‍ഗ്രൂപ്പുകള്‍ ഇല്ലെന്ന് പറയുന്നവര്‍ മണ്ടന്മാരോ ആരെയെങ്കിലും സോപ്പിട്ട് നില്‍ക്കുന്നവരോ ആകാമെന്ന് സൂചിപ്പിച്ചു.വളരെ മികച്ചതും ആഴമേറിയതുമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറഞ്ഞ നടന്‍ അതിശക്തമായ നടപടിയിലേക്ക് പോയാല്‍ മാത്രമേ സിനിമാ മേഖലയില്‍ നിയന്ത്രണം ഉണ്ടാകൂ എന്നും അഭിപ്രായപ്പെട്ടു.

മഹാഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നടപടി എടുക്കട്ടെ. ഇപ്പോള്‍ തുടക്കം കുറിച്ചില്ലെങ്കില്‍ സ്ഥിതി രൂക്ഷമാകും.പവര്‍ഗ്രൂപ്പുകള്‍ ശക്തരാണ് എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം ഇന്‍വിസിബിളാണ്. കൊടുക്കല്‍ വാങ്ങലുകളാണ് പലപ്പോഴും മേഖലയില്‍.കിട്ടാതെ വരുമ്പോള്‍ പോയി പരാതിപ്പെടുകയാണ്.മേഖലയില്‍ 50 ശതമാനത്തിലധികം ഫേക്ക് കേസുകളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.