തിരുവനന്തപുരം: 24 വര്‍ഷങ്ങള്‍ക്കിപ്പുറം 'ദേവദൂതന്‍' റീ റിലീസിന് ഒരുങ്ങുകയാണ്.റിലീസിന് മുന്നോടിയായുള്ള ചിത്രത്തിന്റെ 4 കെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ട്രെയ്ലര്‍ ലോഞ്ചില്‍ ചിത്രത്തെക്കുറിച്ച് മോഹന്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ദേവദൂതന്‍' എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അത് റിലീസിനെത്തുന്നത് സ്വപ്നം പോലെ തോന്നുന്നുവെന്നുമാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞത്.

ഫിലിമില്‍ ചിത്രീകരിച്ച ഒരു സിനിമയാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം യാതൊരു കേടും കൂടാതെ ഇതെങ്ങനെ കിട്ടി എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്.പഴയ പല ലാബുകളും ഇപ്പോള്‍ ഇല്ല. അല്ലെങ്കില്‍ ഫിലിം റോളുകള്‍ കാലാന്തരത്തില്‍ നശിച്ചുപോയിട്ടുണ്ടായിരിക്കും. ഈ സിനിമയ്ക്ക് ഒരു ഭാഗ്യമുണ്ടായി. വീണ്ടും റിലീസിനെത്തുന്നു.ആര്‍ക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നതാണ് 'ദേവദൂതന്റെ' ടാഗ് ലൈന്‍.ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു,നിങ്ങളോട് ഞങ്ങള്‍ക്ക് എന്തോ പറയാനുണ്ടെന്ന്.

ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലാണ്. സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയില്‍ ഓര്‍ക്കുന്നു. ഈ സിനിമ എന്തുകൊണ്ട് അന്നത്തെ കാലത്ത് ഓടിയില്ല എന്ന് ചോദിക്കുമ്പോള്‍,കാലം തെറ്റി ഇറങ്ങിയ സിനിമ എന്നൊന്നും ഞാന്‍ പറയുന്നില്ല.ഒരുപക്ഷേ ആ സിനിമയുടെ അര്‍ഥം അന്ന് ആളുകളില്‍ എത്തതുകൊണ്ടായിരിക്കാം.അല്ലെങ്കില്‍ മറ്റു സിനിമകള്‍ക്കൊപ്പം ഇറങ്ങിയിട്ടായിരിക്കാം. ഇതു മാത്രമല്ല, ഒരുപാട് നല്ല സിനിമകള്‍ ഓടാതിരുന്നിട്ടുണ്ട്.ക്യാമറ, സംഗീതം എന്നിങ്ങനെ എല്ലാ അര്‍ഥത്തിലും വേറിട്ട് നില്‍ക്കുന്നതാണ് 'ദേവദൂതന്‍'.

എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ് സിബി.'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' മുതലുള്ള പരിചയമാണ്. 'സദയം', 'ദശരഥം' എന്നിങ്ങനെ ഒട്ടേറെ നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ്.'ദേവദൂതന്‍' ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ആഗ്രഹിച്ച ആ മനസ്സിന് നന്ദിയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിനു പുറമെ സിബി മലയില്‍, രഘുനാഥ് പലേരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത 'ദേവദൂതന്‍' മലയാള സിനിമയില്‍ അതുവരെ കണ്ടതില്‍ നിന്നു വേറിട്ടൊരു അവതരണ രീതിയായിരുന്നു അവലംബിച്ചിരുന്നത്.2000-ലാണ് ചിത്രം പുറത്തിറങ്ങിയത്.കോക്കേഴ്‌സ് സിനിമയുടെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മിച്ച 'ദേവദൂതന്‍' ഹോളിവുഡ് സിനിമാ ശൈലിയിലുള്ള കഥാപശ്ചാത്തലവും വിദ്യാസാഗറിന്റെ സംഗീതവും സന്തോഷ് തുണ്ടിയിലിന്റെ ഛായാഗ്രഹണവും അടക്കം പല പ്രതിഭകളുടെ കരവിരുതുകള്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരു പുതിയ അനുഭവമായി മാറി. പക്ഷേ, എന്തുകൊണ്ടോ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.