കൊച്ചി: എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ സിനിമയില്‍ ഉണ്ടെന്ന് നടനും സംവിധായകനുമായി രണ്‍ജി പണിക്കര്‍. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരായ ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍.

നീതി ഉറപ്പാക്കണ്ട എന്ന നിലപാട് ആര്‍ക്കുമില്ല. ഇപ്പോള്‍ അവര്‍ ആരോപണ വിധേയര്‍. ആരെയും മാറ്റി നിര്‍ത്താനോ വിലക്കാനോ കഴിയില്ലെന്നും വേണമെങ്കില്‍ ബഹിഷ്‌ക്കരിക്കാമെന്നും അദേഹം പറഞ്ഞു. എല്ലാ മേഖലയിലുമുള്ള പ്രശ്‌നങ്ങള്‍ സിനിമയിലുണ്ട്. സത്യം എന്തെന്ന് കാലം തെളിയിക്കട്ടെ. രഞ്ജിത്ത് രാജിവെച്ച് സ്വന്തം താല്‍പര്യപ്രകാരമായിരിക്കും. സമ്മര്‍ദം ഉണ്ടായതു കൊണ്ടാരിക്കില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

ഹേമ റിപ്പോര്‍ട്ടില്‍ എടുത്ത് ചാടിയുള്ള നടപടികള്‍ അല്ല വേണ്ടതെന്നും കാര്യങ്ങള്‍ കൂടിയാലോചിച്ച് നിയമപരമായ നടപടികള്‍ എടുക്കണമെന്നും അദേഹം വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് സര്‍ക്കാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളി നടി ഉന്നയിച്ച ആരോപണം വിവാദമായ പശ്ചാത്തലത്തിലാണ് രഞ്ജിത്ത് രാജിവച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ 2009-10 കാലഘട്ടത്തില്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടി ആരോപിച്ചത്.